സാങ്കേതിക മേഖലയിൽ മുഖ്യമായും, നിത്യജീവിതത്തിൽ ഒരു പക്ഷെ ആപേക്ഷികവുമായ ഒരു സംവിധാനമാണ് ശീതീകരണം. എന്നാൽ, ചെലവേറിയതും പരിസ്ഥിതി സൗഹൃദമല്ലാത്തതുമാണ് നിലവിലെ ശീതീകരണ പ്രക്രിയ. കംബ്രസറു (Compressor) കളുടെ പ്രവർത്തന ശേഷിക്ക് അനുസൃതമായി വൻതോതിൽ വൈദ്യുതോർജ്ജത്തിൻറ്റെ ഉപഭോഗം ആവശ്യമായി വരുകയും എന്നാൽ, ഭൗമാന്തരീക്ഷത്തിൻറ്റെ പ്രധാന കവചമായ ഓസോണ്‍ പാളിയെ നേർപ്പിച്ച് ഇല്ലാതാക്കാൻ ശേഷിയുള്ള ക്ലോറോഫ്ലൂറോ കാർബണുകളെ ഉപോത്പ്പന്നമായി പുറന്തള്ളപ്പെടുന്നതുമാണ് നിലവിലെ ശീതീകരണ പ്രക്രിയ. ദീർഘകാലാടിസ്ഥാനത്തിൽ, മേൽസൂചിപ്പിച്ച പ്രശ്നങ്ങൾ മാറ്റിനിർത്തിയുള്ള തക്കതായ ബദൽ സംവിധാനങ്ങൾ ആവശ്യമാണെന്നതിൽ തർക്കമില്ല. ഈയവസരത്തിലാണ് കാന്തിക ശീതീകരണത്തിൻറ്റെ പ്രസക്തിയെക്കുറിച്ച് ഗവേഷകരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സമൂഹം ഉത്സുകരാകുന്നത്.
കാന്തിക ശീതീകരണം അഥവാ മാഗ്നെടിക് റെഫ്രിജറേഷൻ (Magnetic Refrigeration) ഒരു ഭൗതിക യാഥാർത്ഥ്യമാണന്നുള്ള വസ്തുത ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. മാഗ്നെറ്റൊ കലോറിക് ഇഫക്റ്റ് (Magneto Caloric Effect) എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ പ്രവർത്തനം നടക്കുന്നത്. ഇവിടെ, ഒരു കാന്തത്തെ, പ്രത്യേകിച്ചും നാനോകാന്തങ്ങളെ, ഉപയോഗിച്ച് താപത്തെ ഒരു സ്ഥാനത്ത് നിന്നു മറ്റൊരു സ്ഥാനത്തേക്ക് മേൽ സൂചിപ്പിച്ച പ്രവർത്തന തത്വം പ്രകാരം കടത്തിവിടാൻ കഴിയും. അപ്പോൾ പിന്നെ, കംബ്രസറിനെയും ദ്രാവക രൂപത്തിലുള്ള ശീതീകാരി (Refrigerant) യേയും മാറ്റിനിർത്തി തൽസ്ഥാനത്ത് ഖരാവസ്ഥയിലുള്ള നാനോകാന്തങ്ങളെ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ അന്തരീക്ഷ മലിനീകരണമില്ലാതെ തന്നെ ഒരു പ്രത്യേക വിസ്തൃതിയിലുള്ള അടഞ്ഞ സ്ഥാനത്തെ (a closed area) തണുപ്പിച്ചെടുക്കാൻ സാധിക്കണം.
എന്നാൽ, പ്രായോഗിക മണ്ഡലത്തിൽ ഇതെങ്ങനെ വിജയകരമായി സ്ഥാപിച്ചെടുക്കാം എന്നത് സംബന്ധിച്ച മൂർത്തമായ ഒരു രൂപരേഖ തയ്യാറായി വരുന്നതേയുള്ളു. പക്ഷെ, ഒരു കാര്യം സുനിശ്ചിതമാണ്, അതായത് സമീപഭാവിയിൽ തന്നെ ഇതു യാഥാർത്ഥ്യമാകുന്നതാണ്. കാരണം, അത്രക്കുണ്ട് നമുക്കിവിടെ ഊർജ്ജവും പരിസ്ഥിതിയും സംരക്ഷിച്ചു നിർത്തേണ്ടതിൻറ്റെ ആവശ്യകത. ഈ മേഖലയിൽ ഗവേഷണം മുന്നോട്ടു കൊണ്ടുപോകുന്ന ഒരാളെന്ന നിലയിൽ, ലോകത്ത് പലയിടങ്ങളിലും അഹോരാത്രം നടന്നുകൊണ്ടിരിക്കുന്ന ബൗദ്ധിക അധ്വാനങ്ങൾ, ഊർജ്ജ സംരക്ഷിത - പരിസ്ഥിതി സൗഹൃദ - കാന്തിക ശീതീകരണം കൊണ്ടു വരാൻ പോകുന്ന പുതിയ കാലഘട്ടത്തിൻറ്റെ വിജയസൂചകങ്ങളായി സാക്ഷ്യപ്പെടുത്താൻ കഴിയും.