Wednesday, 9 November 2022

R. Sankar അനുസ്മരണം

ശ്രീ. ആർ. ശങ്കർ അനുസ്മരണത്തോട് അനുബന്ധിച്ച് (അൻപതാമത് ചരമ വാർഷികം) ടി.കെ.എം. എം. കോളജ്, നങ്ങ്യാർ കുളങ്ങരയിൽ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിച്ചു.



അനുസ്മരണ പ്രഭാഷണത്തിന്റെ പൂർണ രൂപം:

ശ്രീ നാരായണ കോളജുകളുടെ സ്ഥാപക മാനേജരും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബഹുമാന്യനായ സർവശ്രീ. ആർ. ശങ്കർ അവർകൾ ഒരു ബഹുമുഖ പ്രതിഭാധനനായിരുന്നു.

അദ്ദേഹത്തിന്റെ അൻപതാമത് ചരമ വാർഷികം അനുസ്മരിക്കുന്ന ഈ ഘട്ടത്തിൽ സാമുദായിക ഉന്നതിക്ക് വേണ്ടി നൽകിയിട്ടുള്ള നിസ്തുലമായ സംഭാവനകൾ തന്നെയാണ് വലിയ സ്മാരകങ്ങൾ ആയി ഇന്നും നിലനിൽക്കുന്നത്.

6-7 ദശാംബ്ദത്തെ ചരിത്രത്തിന് മുൻപ് , സമൂഹത്തിൽ വളരെ പിന്നോക്കം നിന്ന ഒരു സമൂദായത്തെ ഇന്നത്തെ നിലയിൽ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി ഉയർത്തുന്നതിൽ അദ്ദേഹം നടത്തിയിട്ടുള്ള പരിശ്രമങ്ങൾ അത്ഭുതാവഹവും ചരിത്രത്തിന്റെ ഗതി വേഗം തന്നെ മാറ്റി വിടുന്ന തലത്തിലുള്ളതുമായിരുന്നു.

ഒരു ശാസ്ത്രാധ്യാപകൻ കൂടിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കുന്നു. നവോത്ഥാന കാലഘട്ടത്തിൽ, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് സമുദായത്തെ ഉദ്ഘോഷിച്ച ഗുരുദേവന്റെ ദർശനങ്ങളെ  ശാസ്ത്രീയ തലത്തിൽ തന്നെ സാധൂകരിച്ചെടുത്ത പ്രയോക്താവ് ആയിരുന്നു മഹാനായ അദ്ദേഹം.

അപ്പോൾ , ഗുരുദേവന്റെ ദർശനങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ ശാസ്ത്രീയമായി തന്നെ അപഗ്രഥിച്ചെടുക്കേണ്ടതുണ്ട്. അതൊരു മെതഡോളജി ആയി തന്നെ സ്വീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിയോഗം അരനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ അത്തരത്തിലുള്ള സാമൂഹ്യ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടേണ്ടതുമുണ്ട്.

സാമൂദായിക ഉന്നതിയെ ലക്ഷ്യം വച്ച് കൊണ്ട് മൂന്ന് തരം ക്യാപ്പിറ്റലുകൾ അഥവാ മൂലധനങ്ങളെ അദ്ദേഹം പരിഗണനാ വിഷയമാക്കിയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ .

സോഷ്യൽ ക്യാപ്പിറ്റൽ അഥവാ സാമൂഹിക മൂലധനം

കൾച്ചറൽ ക്യാപ്പിറ്റൽ അഥവാ സാംസ്കാരിക മൂലധനം

ഇക്കണോമിക് ക്യാപ്പിറ്റൽ അഥവാ സാമ്പത്തിക മൂലധനം.

ഈ പറഞ്ഞ മൂന്ന് മൂലധനങ്ങളും 6-7 ദശാംബ്ദത്തെ ചരിത്രത്തിന് മുൻപ് ഈഴവ സമുദായത്തെ സംബന്ധിച്ച് തീർത്തും datum line ൽ ആയിരുന്നു.

അപ്പോൾ സാമുദായിക ഉന്നമനത്തിന് ഈ മൂന്ന് ക്യാപ്പിറ്റലുകളും ഉയർത്തണം എന്ന് അദ്ദേഹം കണ്ടു.

സോഷ്യൽ സയന്റിസ്റ്റുകൾ ഇതിരെ capitalisation അഥവാ മൂലധന വൽക്കരണമെന്നൊക്കെ വിളിക്കും. നമ്മൾ കൊളോക്കിയൽ ഭാഷയിൽ മുതലാളിത്ത വൽക്കരണം എന്നും വിളിക്കുന്നു.

അംബേദ്കർ പറഞ്ഞ് വെച്ചതും അയ്യങ്കാളി ഉദ്‌ഘോഷിച്ചതും തമിഴ്നാട്ടിൽ പെരിയോർ നടപ്പാക്കാൻ ശ്രമിച്ചതും ഇത് തന്നെയാണ്.

ഈ ലക്ഷ്യപ്രാപ്തിയിൽ എത്താൻ മറ്റ് പിന്നോക്ക സമുദായങ്ങൾ ഇനിയും ദശാബ്ദങൾ മുന്നേറണം എന്ന സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. എന്നാൽ ഈഴവ സമുദായം ഇതിനകം തന്നെ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹമായി ഉയർന്നുവെന്നത് മഹാനായ ശ്രീ. ആർ ശങ്കറിന്റെ ദീർഘ ദൃഷ്ടിയും ഇടപെടൽ ശേഷിയും പ്രവർത്തന കാര്യക്ഷമതയും വ്യക്തമാക്കുന്നതാണ്.

കുലത്തൊഴിൽ എന്ന പേരിൽ ഫ്യൂഡൽ സമൂഹം അടിച്ചേൽപ്പിച്ച അവിദഗ്ധ തൊഴിൽ രംഗങ്ങൾ എല്ലാം തന്നെ ഇന്ന് സമൂദായം ഏറെക്കുറെ ഉപേക്ഷിച്ച്, പ്രത്യേക നൈപുണി ആവശ്യമായ വിജ്ഞാനാധിഷ്ഠിത തൊഴിൽ മേഖലകളിലേക്ക് മാറിയിരിക്കുന്നു.

3 തരം മൂലധന വൽക്കരണത്തിൽ വച്   ശ്രീ. ആർ. ശങ്കർ ടോപ്പ് പ്രയോറിറ്റി നൽകിയത് സാംസ്കാരിക മൂലധന വൽക്കരണത്തിനാണ് . അതിനുള്ള മുന്നുപാധി എന്ന നിലയിൽ അദ്ദേഹം കണ്ടത് ഗുരുദേവ ദർശനം മുന്നോട്ട് വച്ച വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ആശയധാരയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി തന്റെ ഇടപെടൽ ശേഷി ഉപയോഗപ്പെടുത്തി അദ്ദേഹം കേരളത്തിലുടനീളം സമുദായത്തിന് വേണ്ടി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുത്തു.

അതോടെ പിന്തലമുറ വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാൻ പ്രാപ്തരായി. കുലത്തൊഴിലുകൾ ഉപേഷിച്ചു. വിജ്ഞാനാധിഷ്ഠിത തൊഴിൽ രംഗങ്ങളിൽ കഴിവും പ്രാപ്തിയും നേടി സമുഹത്തിന്റെ ഉന്നതികളിൽ വരെയെത്തി. സാമൂഹിക മൂലധനവും സാമ്പത്തിക ശേഷിയും ഒപ്പം ഉയർന്നു !

ഈ നേട്ടങ്ങൾ ഒട്ടും ചോർന്ന് പോകാതെ പുരോഗതിയുടെ ആക്കം അഥവാ progressive momentum നിലനിർത്തി പോകേണ്ട കടമ നമുക്കോരോരുത്തർക്കുമുണ്ട് എന്ന പ്രതിജ്ഞാ വാചകം ഉരുവിട്ട് കൊണ്ട് മഹാനായ അദ്ദേഹത്തെ ഇവിടെ അനുസ്മരിക്കുന്നു.