പുറന്നാട്ടിലെ ഉത്സവം കാണാൻ ആരെല്ലാം പോകുന്നെടോ......
ഞാനും ഞങ്ങടെ വരിക്കച്ചക്കയും കാലെ കൂട്ടി പോകുന്നെടോ....
വരിക്കച്ചക്കേട നടത്തം കണ്ടിട്ട് തയ്യൽക്കാരൻ ചിരിച്ചുവെടോ...
ചിരിക്കണ്ടെടോ.. ചിരിക്കണ്ടെടോ ഞങ്ങളും പത്ത് പണക്കാരാകും...
എന്റെ കുട്ടിക്കാലത്തെ വിനോദങ്ങളിൽ കളിക്കൂട്ടുകാർക്കൊപ്പം ഏറ്റുപാടി ആനന്ദിച്ചിട്ടുള്ള 'ചക്കപ്പാട്ടി' ന്റെ ഏതാനും ചില വരികളാണ് മേൽ എഴുതിയിട്ടുള്ളത്. ചക്ക ഇന്ന് പഴയ വെറും നാട്ടിൻപുറത്ത്ക്കാരൻ ചക്ക അല്ല, പണവും ഔദ്യോഗിക പദവിയുമൊക്കെ ആയിക്കഴിഞ്ഞു; ആൾക്കാർക്ക് നോക്കി ചിരിക്കാൻ പാകത്തിന് പഴയ ഉരുണ്ടുരുണ്ടുള്ള നടത്തമൊന്നും ഇനി കാണില്ല, അതൊക്കെ ഉപേക്ഷിച്ച് സ്റ്റേറ്റ് കാറിലാകും സഞ്ചാരം., വിദേശത്തേക്കും ധാരാളം പോകേണ്ടി വരും., അംബാസഡർ കൂടിയാണല്ലോ!
വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ത്തന്നെ ഒന്നാം നമ്പർ സ്ഥാനം കൈയടക്കി വച്ചിരിക്കുന്ന ഫലം ഏതെന്ന ചോദ്യത്തിന് നമ്മൾ മലയാളികൾക്ക് ഇനി അഭിമാനത്തോടെയും ഒരല്പം അഹങ്കാരത്തോടെയും ഉത്തരം പറയാൻ സാധിക്കും അത് നമ്മുടെ ഔദ്യോഗിക ഫലമായ 'ചക്ക' യാണന്ന്. ചക്കയുടെ ഈ പുതിയ പെരുമ മാറ്റി നിർത്തിയാൽ തന്നെ അതൊരു 'അത്ഭുത ഫലം' (Miracle fruit) ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മഗ്നീഷ്യം, കാൽസ്യം തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം മൂലകങ്ങൾ, Vitamin B6, Vitamin C, phyto nutrients, ligans, isoflavones തുടങ്ങി നിരവധി അനവധി anti oxidant കൾ എന്നിവയുടെ ഒരു കലവറയാണ് 'Artocarpus heterophylla' എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന നമ്മുടെ സ്വന്തം ചക്ക. രാസ വളങ്ങളോ കീടനാശിനികളോ ഒന്നും കൂടാതെ പൂർണ്ണമായും പ്രകൃതിദത്തമായ സാഹചര്യത്തിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരുന്ന പ്ലാവിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ഫലം അതിന്റെ പൂർണ്ണ അർത്ഥത്തിൽ തന്നെ ഒരു 'ജൈവ ഫലം' ആണ്. ആയതിനാൽ ചക്കയെ ജൈവ ചക്ക എന്ന് വിളിക്കുന്നതിലും തെറ്റില്ല എന്ന് കരുതാം.
Slice ചെയ്യപ്പെട്ട ഒരു കപ്പ് ചക്ക എടുത്താൽ എതാണ്ട് 155 കാലറി ഊർജ്ജം അതിലുണ്ടാകും. 2.6 ഗ്രാം ഫൈബർ, 2.4 ഗ്രാം പ്രോട്ടീൻ, 39.6 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ്, 0.5 ഗ്രാം കൊഴുപ്പ്, 11.1 ഗ്രാം ജീവകം c, 0.3 മില്ലിഗ്രാം മാൻഗനീസ്, 0.3 മില്ലിഗ്രാം കോപ്പർ, 61.1 മില്ലിഗ്രാം മഗ്നീഷ്യം, 500 മില്ലിഗ്രാം പൊട്ടാസിയം, 0.2 മില്ലിഗ്രാം റൈബോ ഫ്ലാവിൻ, 4901U ജീവകം A, 0.2 മില്ലിഗ്രാം ജീവകം B6, 23.1 മില്ലിഗ്രാം ഫോളേറ്റ്, 56.1 മില്ലിഗ്രാം കാൽസ്യം, 1 മില്ലിഗ്രാം ഇരുമ്പ്, 59.4 മില്ലിഗ്രാം ഫോസ്ഫറസ്, 0.7 മില്ലിഗ്രാം സിങ്ക് എന്നിവ ചേർന്നാണ് മേൽ സൂചിപ്പിച്ച ഊർജ്ജം പ്രദാനം ചെയ്യുന്നത്.
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ ശരിയായ ഘടന നിലനിർത്തുന്നതിൽ മഗ്നീഷ്യത്തിന് വലിയ പങ്കുണ്ട്. ചക്കയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ diet ൽ ചക്ക ഉൾപ്പെടുന്നത് നന്നായിരിക്കും, പ്രത്യേകിച്ചും സ്ത്രീകൾ. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനും രക്ത സമ്മർദ്ദം, പ്രമേഹം, ഹൃദ് രോഗ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ നിയന്ത്രിച്ച് നിർത്തുന്നതിനും മഗ്നീഷ്യം അനിവാര്യമാണ്. ആ അർത്ഥത്തിൽ മഗ്നീഷ്യത്തിന്റെ കലവറയായ ചക്ക ഒരു ഉത്തമ ലഘു ഭക്ഷണ വിഭവം തന്നെയാണ്.
മനുഷ്യ ശരീരത്തിൽ അസ്ഥികളുടെ ബലത്തിന് കാൽസ്യം വളരെയേറെ ആവശ്യമാണ്. ത്വക്കിലൂടെയും നഖങ്ങളിയുടെയും എന്തിന് വിയർപ്പിലൂടെ പോലും അനുദിനം ധാരാളം കാത്സ്യം നമുക്ക് നഷ്ടപ്പെടുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയല്ലാതെ ശരീരത്തിന് സ്വന്തമായി കാൽസ്യത്തെ ഉല്പാദിപ്പിക്കുന്നതിനുള്ള ശേഷിയില്ല. ആയതിനാൽ പ്രതിദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ വളരെ കുറഞ്ഞ് പോകാതെ ബാലൻസ് ചെയ്യുന്നതിനും അസ്ഥികളുടെ തേയ്മാനം ഒഴിവാക്കുന്നതിനും കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള നമ്മുടെ ജൈവ ചക്കയെ diet ൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.
Carcinogenesis എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ 2012 ഒക്ടോബർ issue വിൽ ചക്കയുടെ അർബുദത്തിനെതിരെയുള്ള പോരാട്ട ശേഷിയെ സംബന്ധിച്ച് ഒരു ഗവേഷണ പഠന ഫലം വന്നിട്ടുണ്ടായിരുന്നു. അതിൽ പ്രതിപാദിക്കുന്നത് ചക്കയിലsങ്ങിയിരിക്കുന്ന ജീവകം C സ്തനാർബുദത്തെ തടയുന്നതിന് കാരണമായ antioxidant enzyme കളുടെ ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്ന ഉൽപ്രേരകങ്ങളായി പ്രവർത്തിക്കുന്നു എന്നാണ്.
കേരള സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ചക്കയുടേയും അതിന്റെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെയും വിൽപ്പനയിൽ നിന്ന് സംസ്ഥാനത്ത് നിലവിൽ15,000 കോടി രൂപ വാർഷിക വരുമാനം ഉണ്ട്. വാർഷികാടിസ്ഥാനത്തിൽ 30 കോടിയിലധികം ചക്ക സംസ്ഥാനത്ത് ഇപ്പോൾ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ഗണത്തിൽ ചക്ക ചിപ്സ്, ചക്ക സൂപ്പ്, ചക്ക ജാം, ചക്ക ജെല്ലി , ചക്ക ജ്യൂസ്, ചക്ക ഐസ് ക്രീം, ചക്ക അച്ചാർ, ചക്ക വൈൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ട്. സസ്യാഹാര പ്രേമികളെ സംബന്ധിച്ച് ചക്ക സാൻവിച്ച് വളരെ പ്രിയപ്പെട്ടതാണ്. മാംസാഹാരത്തിന് പകരമായി ഉപയോഗിക്കാവുന്ന പ്രോട്ടീൻ നിറഞ്ഞതും കൊളസ്ട്രോൾ ഫ്രീയുമായ ചക്കയുടെ സാൻവിച്ച് വളരെ രുചി പ്രദമാണ്. ചക്കയുടെ Seed ആയ ചക്കക്കുരുവും ടൺ കണക്കിന് nutrients കളുടെ ഒരു കേന്ദ്രമാണ്. രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും, മഗ്നീഷ്യം ലെവൽ ഉയർത്തി നിർത്തുന്നതിനും ദഹനശേഷി കൂട്ടുന്നതിനും വളരെ നന്നാണ്.
മലയാളികൾക്ക് മാത്രമല്ല മറുനാട്ടുകാർക്കും ചക്ക വളരെ പ്രിയപ്പെട്ടതാണ്. മുൻപ് കാഞ്ചീപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് നാട്ടിലെ വിഭവത്തിന്റെ രുചി അറിഞ്ഞിരുന്നത് അവിടെ വില്പന ചെയ്തിരുന്ന കേരളത്തിൽ നിന്നും വരുന്ന ചക്ക വാങ്ങി കഴിച്ചായിരുന്നു. ഒരു പോളിത്തീൻ കവറിൽ 6 ഓ 7 ഓ ചൊള കാണും , 20 മുതൽ 30 രൂപ വില വരെ അന്ന് വാങ്ങുമായിരുന്നു. നല്ല ചെലവാണ് അവിടുത്ത് കാർക്കിടയിൽ.
പുതിയ പദവി കിട്ടിയ സ്ഥിതിക്ക് ചക്കയ്ക്കിനി ഗ്ലാമർ കൂടും!
അരുൺ എസ്. പ്രസാദ്