സാങ്കേതിക വിദ്യയുടെ ചരിത്രപരമായ വികാസത്തിൽ ഒഴിച്ചുനിർത്താൻ സാധിക്കാത്ത ഒരു പ്രക്രിയയാണ് മിനിയേച്ചർ വൽകരണം (miniaturisation). വാസ്തവത്തിൽ , പുതിയ കാലഘട്ടതിന് അനുയോജ്യമായ മിനിയേച്ചർ വൽ കരണമാണ്, ഇന്ന് ശാസ്ത്രലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന 'നാനോ' എന്ന പദം. നാനോവലിപ്പത്തിലുള്ള പദാർത്ഥങ്ങൾ അവയുടെ ഭൗതിക സ്വഭാവത്തിൽ പ്രകടമാക്കുന്ന വൈരുദ്ധ്യങ്ങൾ തന്നെയാണ് അതിൻടെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നത്. ഒരു പക്ഷെ, ക്വാണ്ടം ഫിസിക്സ് അതിൻടെ സൈദ്ധാന്തിക തലത്തിൽ നിന്നുകൊണ്ട് ഏതളവുവരെ നമ്മെ അതിശയിപ്പിച്ചിട്ടുണ്ടോ, പ്രായോഗിക തലത്തിൽ അതിൻടെ പതിന്മടങ്ങ് മാസ്മരികമാണ് നാനോപദാർത്ഥങ്ങൾ കാഴ്ചവയ്ക്കുന്ന വൈരുദ്ധ്യ ഭാവങ്ങൾ.
ഒരു പക്ഷെ, 'നാനോ' എന്ന പദം വളരെയധികം ജനറലൈസ് (generalised) ചെയ്യപ്പെട്ടിട്ടുള്ളതാണോ എന്ന സംശയം എനിക്കുണ്ട്. കാരണം, നമുക്കറിയാം ഒരു മൈക്രോണിൻടെ (1 micron ) തന്നെ ആയിരത്തിലൊന്ന് മാത്രമാണ് ഒരു നാനോ. അതായത്, ഒരു നാനോമീറ്റർ (1 nm) മുതൽ 999 nm വരെ വലിപ്പമുള്ള പദാർത്ഥങ്ങളെ നാനോയുടെ പരിധിയിൽ ഉൾപ്പെടുത്താമെന്ന് സാരം. പക്ഷെ , സാധാരണയായി പരാമർശി ക്കപ്പെടുന്നതുപോലെ, 1 nm മുതൽ 100 nm വരെ വലിപ്പമുള്ള പദാർത്ഥങ്ങളെ മാത്രമാണ് നാനോ ആയി കണക്കാക്കുന്നത്. ഈ പരിധി ഒരു തർക്ക വിഷയമായി തുടരുമ്പോഴും, ചില ശാസ്ത്ര സത്യങ്ങൾ ഈ സമസ്യയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്.
തൽകാലം, നിലവിലെ പരിധിയെ വിശ്വാസത്തിലെടുത്തു പരിശോ ധിക്കുമ്പോൾ, സ്വഭാവികമായും ഉടലെടുക്കുന്ന ഒരു സംശയമാണ് - എന്തുകൊണ്ട് ഈ പരിധിയിൽ പദാർത്ഥങ്ങൾ അവയുടെ സാമാന്യ ഭൗതിക അവസ്ഥയിൽ നിന്നും വ്യതിചലിച്ചു സവിശേഷമായ ഗുണങ്ങൾ പ്രകടമാക്കുന്നു ?- എന്നത്. തീർച്ചയായും ഈ സമസ്യക്ക് ഉത്തരം കിട്ടാൻ ക്വാണ്ടം ഫിസിക്സിൻടെ സൈദ്ധാന്തിക മണ്ഡലത്തിലൂടെ ഒരു പരകായ പ്രവേശം തന്നെ നടത്തേണ്ടതുണ്ട്. ഒരു പക്ഷെ, ഒരു സന്യാസിവര്യൻടെ ധ്യാ നത്തോടുപമിക്കത്തക്ക സമർപ്പണം ഇതിൻടെ നിർധാരണത്തിൽ ആവശ്യമായി വരുന്നു.
നാളിതുവരെ നടന്നിട്ടുള്ള ഗവേഷണ ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്, മേൽ സൂചിപ്പിച്ച പരിധിയിൽ, പദാർത്ഥങ്ങൾ അവയുടെ ലഭ്യമായ വ്യപ്തത്തിൽ നിന്ന് കൊണ്ട് ഏറ്റവും ഉയർന്ന ഉപരിതല പരപ്പളവ് ( High Surface to Volume ratio ) സൃഷ്ടിക്കുന്നു എന്ന വസ്തുതയാണ്. ഈ അവസ്ഥയിൽ, പദാർത്ഥങ്ങളുടെ ഉപരിതലത്തിൽ ലഭ്യമായിട്ടുള്ള ഏതാനും ആറ്റമുകൾ (Atoms ) അഥവാ അവയിലെ ഇലക്ട്രോണുകൾ (Electrons) ആകും ആ പ്രത്യേക പദാർത്ഥത്തിൻടെ മൊത്തം ഭൗതിക ഗുണങ്ങൾ തീരുമാനിക്കാൻ പോകുന്നത്. Uncertainty Principle സൂചിപ്പിക്കും പോലെ പദാർത്ഥം ഒരു അനിശ്ചിതാവസ്ഥ യുടെ ക്വാണ്ടം ഇടനാഴിയിൽ (Quantum Confined) അകപ്പെടുന്നു. തീർച്ചയായും ആ ലോകം അതിശയങ്ങളുടെ ക്വാണ്ടം കലവറയാണ് !!
കാന്തിക പദാർത്ഥങ്ങളെ സംബന്ധിച്ചിടത്തോളം നാനോവലിപ്പത്തിൽ അഥവാ ക്വാണ്ടം പരിധിയിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി അതിനൂതനമായ 'സൂപ്പർ പാരാ മാഗ്നടിസം' എന്ന സവിശേഷ ഗുണം പ്രദർശിപ്പിക്കുന്നു. ഇന്ന് ബയോ മെഡിക്കൽ മേഖലയിൽ, പ്രത്യേകിച്ചും അർബുദ ചികിത്സാ ഗവേഷണ രംഗത്ത്, ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നു വരുന്നത് നാനോകാന്തങ്ങളുടെ സൂപ്പർ പാരാ മാഗ്നടിക് പ്രതിഭാസം ഉപയോഗപ്പെടുത്തി അർബുദ കോശങ്ങളെ എങ്ങനെ ഫലപ്രദമായി ഇല്ലാതാക്കാം എന്നതിനെ കുറിച്ചാണ്. കൂടാതെ, MRI സ്കാൻ രംഗത്ത്, ഉയർന്ന കോണ്ട്രസ്റ്റ് (Contrast) മികവിന് വേണ്ടി സൂപ്പർ പാരാ മാഗ്നടിക് നാനോകാന്തങ്ങളെ ഉപയോഗപ്പെടുത്തുന്നു. അതുപോലെ തന്നെ, ഡ്രഗ് ടാർജട്ടിങ് (drug targeting) രംഗത്ത് നാനോകാന്തങ്ങളും അവയുടെ സൂപ്പർ പാരാ മാഗ്നടിസവും വലിയ സാധ്യതകളാണ് കൊണ്ട് വരാൻ പോകുന്നത്. ഇവയൊന്നും തന്നെ നാനോ പരിധിക്കു പുറത്തുള്ള കാന്തങ്ങളെ കൊണ്ട് സാധ്യമല്ല താനും. മറ്റനവധി മേഖലകളിലും സാധ്യതകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് മാഗ്നടിക് ഡാറ്റാ സ്റ്റൊറജ് (Magnetic Data Storage) രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന തരം നാനോകാന്തങ്ങളെ വികസിപ്പിച്ചെടുക്കുന്നതിൽ ഗവേഷകർ ഉത്സുകരാകുന്നത്. ഇതു സംബന്ധമായ ഒരു പ്രോജക്റ്റ് നടപ്പക്കുന്നതിൻടെ ഭാഗമായി University Grant Commission (UGC) നു സമർപ്പിച്ച പ്രൊപ്പോസൽ പാസാകുകയും പതിനൊന്നാം പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ ഫണ്ട് തത്വത്തിൽ അനുവദിക്കുകയും ചെയിതിട്ടുണ്ട്. ഈ പ്രോജക്റ്റിൻടെ മൂർത്തമായ വിജയത്തിലേക്കാവശ്യമായ എല്ലാവിധ സഹായ സഹകരണവും ഇതോടൊപ്പം പ്രതീക്ഷിക്കുന്നു.
ഡോ. അരുണ്‍ എസ്. പ്രസാദ്