Saturday, 8 December 2018

കോപ്പിയടിയിലെ ലഘു അർത്ഥ ശാസ്ത്രം

എത്ര മികച്ച സ്ഥാപനങ്ങളായാലും പരീക്ഷാ ജോലികൾ നിർവഹിക്കപ്പെട്ട് പോകാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യം മുതലെടുത്താണ് പലപ്പോഴും കോപ്പിയടി വ്യാപകമാകുന്നത് . അടുത്തടുത്ത് ഇരുന്ന് പകർത്തിയെഴുതുന്ന കുട്ടികളെ ഒന്ന് മാറ്റിയിരുത്താൻ പോലുമുള്ള സൗകര്യക്കുറവ് പലയിടത്തുമുണ്ട്. ധാർമ്മിക രോക്ഷം അടക്കി വച്ച് ഇൻവിജിലേഷൻ ഡ്യൂട്ടി കഴിച്ച് പോകാൻ പലപ്പോഴും അധ്യാപകർ സ്വയം നിർബന്ധിതരാകുന്നു.

എന്നിരുന്നാലും, പരിമിതമായ സാഹചര്യങ്ങളിലും കൃത്യനിർവഹണം ഏറെക്കുറെ ഫലപ്രദമായിത്തന്നെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ ( ഫാത്തിമ കോളജ് വിഷയം ഉൾപ്പെടെ ) ഒഴിവാക്കിയാൽ കാണാൻ സാധിക്കുന്നത്. അപ്പോൾ അത് അധ്യാപകർ ആർജ്ജിച്ച ചില സവിശേഷ വൈദഗ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണന്നാണ് മനസ്സിലാക്കുന്നത്.

PHYTECH 2K18

പ്ലാജിയറിസം!!

അക്കാദമിക- ഗവേഷണ ലോകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന പ്ലാജിയറിസം എന്ന ഭീകരൻ സമൂഹ മധ്യത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണല്ലോ, ഒരു കവിതയുടെ രചനാ മോഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്!

മാനവിക വിഷയങ്ങളിൽ നിന്നും മാറി ശാസ്ത്ര വിഷയങ്ങളിലക്ക് വരുമ്പോൾ, വരികളുടെ മോഷണത്തേക്കാൾ ഗൗരവമാണ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡേറ്റാ മോഷണം, ഡേറ്റാ മാനിപ്പുലേഷൻ, ഡേറ്റാ ഡ്യൂപ്ലിക്കേഷൻ എന്നിവ!

ആയതിനാൽ ലഭ്യമാക്കപ്പെടുന്ന ഡേറ്റായുടെ സത്യസന്ധത, ആധികാരികത എന്നിവ ഉറപ്പ് വരുത്തേണ്ടതും അവയുടെ വിശകലന ഘട്ടത്തിൽ കൃത്യമായും ജാഗ്രത പുലർത്തേണ്ടതും ഏറെ ഗൗരവത്തോടെ പ്രാധാന്യം കൽപ്പിക്കേണ്ട ഒരിടമാണ്. സെൽഫ് പ്ലാജിയറിസവും തുല്യ അളവിൽ കുറ്റകരം തന്നെ! അതായത്, ലേഖകൻ തന്റെ തന്നെ മുൻ പ്രസിദ്ധീകരണങ്ങളിലെ ഡേറ്റായോ വരികളോ മതിയായ കാരണങ്ങളോ അവലംബമോ അക്നോളജ്മെൻറുകളോ കൂടാതെ പുതിയ ലേഖനത്തിൽ ഉപയോഗിക്കപ്പെടുത്തിയാൽ അതും കുറ്റകരമാണന്ന് സാരം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇതൊക്കെ വളരെ എളുപ്പത്തിൽ തെളിവ് സഹിതം കണ്ടുപിടിക്കാനുള്ള ഫലപ്രദമായ സോഫ്റ്റുവെയറുകൾ എല്ലാ ജേർണൽ റിവ്യു ടീമിന്റെ പക്കലും ഉണ്ട്!

 ഇനി ഒരു വേള, റിവ്യൂ ടൈമിൽ കണ്ടെത്താതെ പോയാലും സന്തോഷിക്കേണ്ട, ഭാവിയിൽ വായനക്കാർ ആരെങ്കിലും പരാതിപ്പെടുന്ന സാഹചര്യത്തിൽ ജേർണൽ എഡിറ്റോറിയൽ ബോർഡ് തന്നെ ടി ലേഖനത്തിൻമേൽ പുന:പരിശോധന നടത്തുകയും തെറ്റ് കണ്ടെത്തപ്പെട്ടാൽ ഉറപ്പായും അതിൻമേൽ നടപടികൾ സ്വീകരിക്കപ്പെടാനും പ്രൊവിഷനുകൾ ഉണ്ട്. ലേഖകർ അതിന് വലിയ വില നൽകേണ്ടിയും വരും.

ഇനി ഒരു പക്ഷേ, തന്റെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൻമേൽ പുനഃ വായന നടത്തിയപ്പോൾ ലേഖകന് തന്നെ സാരമായ തെറ്റുകൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, (മനുഷ്യ സഹജമായ ചില പിശകുകൾ) , ഉടൻ ജേർണൽ എഡിറ്റോറിയൽ ബോർഡിന് തെറ്റുകൾ സൂചിപ്പിച്ച് കൊണ്ട് കത്ത് എഴുതുകയും വേണ്ട തിരുത്ത് സൂചിപ്പിച്ച്, വരുന്ന ലക്കങ്ങളിൽ erratum പ്രസിഡീകരിച്ച് വരാൻ വേണ്ട നടപടി ക്രമങ്ങൾ നടത്തേണ്ടത്, ലേഖക കന്റെ ധാർമ്മികതയുടെ പരിധിയിൽ വരുന്ന ഒന്നാണ്.

ഇനി ഒരു വേള, മനുഷ്യ സഹജമായ ആ പിഴവ് ഒരു erratum കൊണ്ട് തിരുത്താൻ പറ്റുന്നതല്ലാ എങ്കിൽ, കഴിവതും ആ ലേഖനം പിൻവലിക്കാനായി എഡിറ്റോറിയൽ ബോർഡിനോട് ആവശ്യപ്പെടുന്നതാണ് അഭികാമ്യം. തീർച്ചയായും, ആ ലേഖനത്തെ കുറ്റമറ്റ രീതിയിൽ പുന:നിർമ്മിച്ച് വീണ്ടും പ്രസിദ്ധീകരിക്കാനുള്ള (republish) അവസരം അവിടെ തുറന്ന് കിട്ടുകയാണ്.

മറ്റൊരാളുടെ സൃഷ്ടി സ്വന്തം സൃഷ്ടി എന്ന പേരിൽ അച്ചടിച്ച് വരാതിരിക്കാൻ വേണ്ട ധാർമ്മിക ജാഗ്രത പുലർത്തേണ്ടതും അതാത് ലേഖകർ തന്നെയാണ്! തെറ്റുകൾ കഴിവതും വരുത്താതിരിക്കാൻ ശ്രമിക്കാം! അല്ലങ്കിൽ വരാതിരിക്കട്ടെ! അതേ സമയം തെറ്റുകൾക്ക് പിന്നിലെ ഒരു വൈരുധ്യാധിഷ്ഠിത സ്വഭാവം എന്തെന്നാൽ, തെറ്റുകൾ മനുഷ്യ സഹജമാണ് എന്ന വസ്തുതയാണ്! അത്തരം തെറ്റുകൾ സ്വയം വിമർശനം നടത്തി സമൂഹത്തോട് ഏറ്റ് പറഞ്ഞ് സ്വയം തിരുത്തുന്നത് ഓരോ ഗവേഷകരുടേയും അല്ലങ്കിൽ അക്കാദമീഷ്യരുടേയും അല്ലങ്കിൽ ലേഖകരുടേയും ഒക്കെ നൈതികതയുടെ മതിപ്പ് വർദ്ധിപ്പിക്കുന്നതാണ്.
Asp

Saturday, 7 April 2018

Gasification സാങ്കേതിക വിദ്യ വഴി മാലിന്യ സംസ്കരണവും വൈദ്യുതോൽപ്പാദനവും

കാലഘട്ടത്തിനനുയോജ്യമായ_ പദ്ധതി👍

മുനിസിപ്പൽ ഖരമാലിന്യത്തെ #ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യ വഴി വൈദ്യുദോർജ്ജമാക്കി മാറ്റാനുള്ള സംരംഭം കൊച്ചിയിൽ ആരംഭിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതി എല്ലാ അർത്ഥത്തിലും മാതൃകാപരം തന്നെ. പ്രാരംഭ ഘട്ടത്തിൽ പ്രതിദിനം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വയ്ക്കുന്നു. പുതിയ പദ്ധതിയോടെ കൊച്ചിയിലെ മാലിന്യ പ്രതിസന്ധിയ്‌ക്ക് ശാശ്വത പരിഹാരമാവുകയാണ്. കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യം മുഴുവൻ അടുത്ത വർഷം അവസാനം മുതൽ വൈദ്യുതിയാക്കി മാറ്റും.  പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കാവുന്ന പദ്ധതിയ്‌ക്ക് പിന്നിൽ ജി.ജെ എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. പദ്ധതിയ്‌ക്ക് ചെലവ് വരുന്ന 360 കോടി രൂപയും കമ്പനി മുടക്കും. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം, മാലിന്യം എന്നിവ വ്യവസ്ഥകളോടെ കോർപ്പറേഷൻ ഏറ്റെടുത്ത് നൽകണം. ഉത്പ്പാപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി വിതരണത്തിനായി KSEB വഴി സർക്കാർ വാങ്ങും. ഇരുപത് വർഷത്തിനപ്പുറം പദ്ധതി പൂർണ്ണമായും സർക്കാരിന് കൈമാറും. സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പൊതു ഉടമസ്ഥതയിൽ ആരംഭിക്കുന്ന ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണ്.
വൻതോതിലുള്ള ലാഭം മാത്രം ലക്ഷ്യം വയ്ക്കാതെ സേവന തൽപ്പരത കൂടി കണക്കിലെടുത്ത് വേണം വ്യവസായങ്ങൾ ആരംഭിക്കേണ്ടത് എന്ന് ഈ പദ്ധതി കാണിച്ച് തരുന്നു. വിദേശ രാജ്യങ്ങളിൽ മാത്രം നിലവിൽ ഉള്ള ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ത്തന്നെ ആദ്യത്തെ പദ്ധതിയാണ്. അതിന് സർക്കാർ മുന്നിട്ട് നിൽക്കുന്നത് അഭിനന്ദനാർഹമാണ്.

ഗ്യാസിഫിക്കേഷൻ സാങ്കേതിക വിദ്യയെ സംബന്ധിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ പോകുക .

http://www.climatetechwiki.org/technology/msw

Tuesday, 27 March 2018

ചക്ക: കേരളത്തിന്റെ ഔദ്യോഗിക ഫലം

പുറന്നാട്ടിലെ ഉത്സവം കാണാൻ ആരെല്ലാം പോകുന്നെടോ......

ഞാനും ഞങ്ങടെ വരിക്കച്ചക്കയും കാലെ കൂട്ടി പോകുന്നെടോ....

വരിക്കച്ചക്കേട നടത്തം കണ്ടിട്ട് തയ്യൽക്കാരൻ ചിരിച്ചുവെടോ...

ചിരിക്കണ്ടെടോ.. ചിരിക്കണ്ടെടോ ഞങ്ങളും പത്ത് പണക്കാരാകും...

എന്റെ കുട്ടിക്കാലത്തെ വിനോദങ്ങളിൽ കളിക്കൂട്ടുകാർക്കൊപ്പം ഏറ്റുപാടി ആനന്ദിച്ചിട്ടുള്ള 'ചക്കപ്പാട്ടി' ന്റെ ഏതാനും ചില വരികളാണ് മേൽ എഴുതിയിട്ടുള്ളത്. ചക്ക ഇന്ന് പഴയ വെറും നാട്ടിൻപുറത്ത്ക്കാരൻ ചക്ക അല്ല, പണവും ഔദ്യോഗിക പദവിയുമൊക്കെ ആയിക്കഴിഞ്ഞു; ആൾക്കാർക്ക് നോക്കി ചിരിക്കാൻ പാകത്തിന് പഴയ ഉരുണ്ടുരുണ്ടുള്ള നടത്തമൊന്നും ഇനി കാണില്ല, അതൊക്കെ ഉപേക്ഷിച്ച്  സ്റ്റേറ്റ് കാറിലാകും സഞ്ചാരം., വിദേശത്തേക്കും ധാരാളം പോകേണ്ടി വരും., അംബാസഡർ കൂടിയാണല്ലോ!

വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ത്തന്നെ ഒന്നാം നമ്പർ സ്ഥാനം കൈയടക്കി വച്ചിരിക്കുന്ന ഫലം ഏതെന്ന ചോദ്യത്തിന് നമ്മൾ മലയാളികൾക്ക് ഇനി അഭിമാനത്തോടെയും ഒരല്പം അഹങ്കാരത്തോടെയും ഉത്തരം പറയാൻ സാധിക്കും അത് നമ്മുടെ ഔദ്യോഗിക ഫലമായ 'ചക്ക' യാണന്ന്. ചക്കയുടെ ഈ പുതിയ പെരുമ മാറ്റി നിർത്തിയാൽ തന്നെ അതൊരു 'അത്ഭുത ഫലം' (Miracle fruit) ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മഗ്നീഷ്യം, കാൽസ്യം തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം മൂലകങ്ങൾ, Vitamin B6, Vitamin C, phyto nutrients, ligans, isoflavones തുടങ്ങി നിരവധി അനവധി anti oxidant കൾ എന്നിവയുടെ ഒരു കലവറയാണ്  'Artocarpus heterophylla' എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന നമ്മുടെ സ്വന്തം ചക്ക. രാസ വളങ്ങളോ കീടനാശിനികളോ ഒന്നും കൂടാതെ പൂർണ്ണമായും പ്രകൃതിദത്തമായ സാഹചര്യത്തിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരുന്ന  പ്ലാവിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ഫലം അതിന്റെ പൂർണ്ണ അർത്ഥത്തിൽ തന്നെ ഒരു 'ജൈവ ഫലം' ആണ്. ആയതിനാൽ ചക്കയെ ജൈവ ചക്ക എന്ന് വിളിക്കുന്നതിലും തെറ്റില്ല എന്ന് കരുതാം.

Slice ചെയ്യപ്പെട്ട ഒരു കപ്പ് ചക്ക എടുത്താൽ എതാണ്ട് 155 കാലറി ഊർജ്ജം അതിലുണ്ടാകും. 2.6 ഗ്രാം ഫൈബർ, 2.4 ഗ്രാം പ്രോട്ടീൻ, 39.6 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ്, 0.5 ഗ്രാം കൊഴുപ്പ്, 11.1 ഗ്രാം ജീവകം c, 0.3 മില്ലിഗ്രാം മാൻഗനീസ്, 0.3 മില്ലിഗ്രാം കോപ്പർ, 61.1 മില്ലിഗ്രാം മഗ്നീഷ്യം, 500 മില്ലിഗ്രാം പൊട്ടാസിയം, 0.2 മില്ലിഗ്രാം റൈബോ ഫ്ലാവിൻ, 4901U ജീവകം A, 0.2 മില്ലിഗ്രാം ജീവകം B6, 23.1 മില്ലിഗ്രാം ഫോളേറ്റ്, 56.1 മില്ലിഗ്രാം കാൽസ്യം, 1 മില്ലിഗ്രാം ഇരുമ്പ്, 59.4 മില്ലിഗ്രാം ഫോസ്ഫറസ്, 0.7 മില്ലിഗ്രാം സിങ്ക് എന്നിവ ചേർന്നാണ് മേൽ സൂചിപ്പിച്ച ഊർജ്ജം പ്രദാനം ചെയ്യുന്നത്.

മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ ശരിയായ ഘടന നിലനിർത്തുന്നതിൽ മഗ്നീഷ്യത്തിന് വലിയ പങ്കുണ്ട്. ചക്കയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ diet ൽ ചക്ക ഉൾപ്പെടുന്നത് നന്നായിരിക്കും, പ്രത്യേകിച്ചും സ്ത്രീകൾ. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ  ശേഷി നിലനിർത്തുന്നതിനും രക്ത സമ്മർദ്ദം, പ്രമേഹം, ഹൃദ് രോഗ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ നിയന്ത്രിച്ച് നിർത്തുന്നതിനും മഗ്നീഷ്യം അനിവാര്യമാണ്. ആ അർത്ഥത്തിൽ മഗ്നീഷ്യത്തിന്റെ കലവറയായ ചക്ക ഒരു ഉത്തമ ലഘു ഭക്ഷണ വിഭവം തന്നെയാണ്.

മനുഷ്യ ശരീരത്തിൽ അസ്ഥികളുടെ ബലത്തിന് കാൽസ്യം വളരെയേറെ ആവശ്യമാണ്. ത്വക്കിലൂടെയും നഖങ്ങളിയുടെയും എന്തിന് വിയർപ്പിലൂടെ പോലും അനുദിനം ധാരാളം കാത്സ്യം നമുക്ക് നഷ്ടപ്പെടുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയല്ലാതെ ശരീരത്തിന് സ്വന്തമായി കാൽസ്യത്തെ ഉല്പാദിപ്പിക്കുന്നതിനുള്ള ശേഷിയില്ല. ആയതിനാൽ പ്രതിദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ വളരെ കുറഞ്ഞ് പോകാതെ ബാലൻസ് ചെയ്യുന്നതിനും അസ്ഥികളുടെ തേയ്മാനം ഒഴിവാക്കുന്നതിനും കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള നമ്മുടെ ജൈവ ചക്കയെ diet ൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.

Carcinogenesis എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ 2012 ഒക്ടോബർ issue വിൽ ചക്കയുടെ അർബുദത്തിനെതിരെയുള്ള പോരാട്ട ശേഷിയെ സംബന്ധിച്ച് ഒരു ഗവേഷണ പഠന ഫലം വന്നിട്ടുണ്ടായിരുന്നു. അതിൽ പ്രതിപാദിക്കുന്നത് ചക്കയിലsങ്ങിയിരിക്കുന്ന ജീവകം C സ്തനാർബുദത്തെ തടയുന്നതിന് കാരണമായ antioxidant enzyme കളുടെ ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്ന ഉൽപ്രേരകങ്ങളായി പ്രവർത്തിക്കുന്നു എന്നാണ്.

കേരള സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ചക്കയുടേയും അതിന്റെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെയും വിൽപ്പനയിൽ നിന്ന് സംസ്ഥാനത്ത് നിലവിൽ15,000 കോടി രൂപ വാർഷിക വരുമാനം ഉണ്ട്. വാർഷികാടിസ്ഥാനത്തിൽ 30 കോടിയിലധികം ചക്ക സംസ്ഥാനത്ത് ഇപ്പോൾ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ഗണത്തിൽ ചക്ക ചിപ്സ്, ചക്ക സൂപ്പ്, ചക്ക ജാം, ചക്ക ജെല്ലി , ചക്ക ജ്യൂസ്, ചക്ക ഐസ് ക്രീം, ചക്ക അച്ചാർ, ചക്ക വൈൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ട്. സസ്യാഹാര പ്രേമികളെ സംബന്ധിച്ച് ചക്ക സാൻവിച്ച് വളരെ പ്രിയപ്പെട്ടതാണ്. മാംസാഹാരത്തിന് പകരമായി ഉപയോഗിക്കാവുന്ന പ്രോട്ടീൻ നിറഞ്ഞതും കൊളസ്ട്രോൾ ഫ്രീയുമായ ചക്കയുടെ സാൻവിച്ച് വളരെ രുചി പ്രദമാണ്. ചക്കയുടെ Seed ആയ ചക്കക്കുരുവും ടൺ കണക്കിന് nutrients കളുടെ ഒരു കേന്ദ്രമാണ്. രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും, മഗ്നീഷ്യം ലെവൽ ഉയർത്തി നിർത്തുന്നതിനും ദഹനശേഷി കൂട്ടുന്നതിനും വളരെ നന്നാണ്.

മലയാളികൾക്ക് മാത്രമല്ല മറുനാട്ടുകാർക്കും ചക്ക വളരെ പ്രിയപ്പെട്ടതാണ്. മുൻപ് കാഞ്ചീപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് നാട്ടിലെ വിഭവത്തിന്റെ രുചി അറിഞ്ഞിരുന്നത് അവിടെ വില്പന ചെയ്തിരുന്ന കേരളത്തിൽ നിന്നും വരുന്ന ചക്ക വാങ്ങി കഴിച്ചായിരുന്നു. ഒരു പോളിത്തീൻ കവറിൽ 6 ഓ 7 ഓ ചൊള കാണും , 20 മുതൽ 30 രൂപ വില വരെ അന്ന് വാങ്ങുമായിരുന്നു. നല്ല ചെലവാണ് അവിടുത്ത് കാർക്കിടയിൽ.

പുതിയ പദവി കിട്ടിയ സ്ഥിതിക്ക് ചക്കയ്ക്കിനി ഗ്ലാമർ കൂടും!

അരുൺ എസ്. പ്രസാദ്