Sunday 23 April 2017

ഒരു മോട്ടിവേഷൻ യാത്രാവിവരണം

വാക്ക് വിത്ത് എ സ്കോളർ പദ്ധതിയുടെ
ഭാഗമായി പുനലൂർ ശ്രീ നാരായണ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്ധ്യാർഥികൾക്കായി  സർക്കാർ ധനസഹായത്തോടെ നടത്തിയ മോട്ടിവേഷൻ വിസിറ്റ് ഇക്കഴിഞ്ഞ 17,18,19,20 തിയതി കളിലായി വിവിധ ദേശീയ  സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യ     സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരി ച്ചുള്ള സന്ദർശനത്തോടെ വിജയകരമായി പൂർത്തീകരിച്ചു. 17 നു വൈകിട്ട്  കോളേജിൽ നിന്നും  ആരംഭിച്ച യാത്ര 20 നു രാവിലെ തിരികെ കോളേജിൽ എത്തുക വഴി അവസാനിച്ചു. 18 നു രാവിലെ കാസർഗോഡ് പിലിക്കോടുള്ള ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തിയ സംഘത്തിൽ വിദ്യാർത്ഥികൾക്കൊപ്പം  ഞാനും; ഈ പദ്ധതിയിലെ ഒരു ഇന്റെർണൽ മെന്റർ ആയ മലയാളം വിഭാഗം അധ്യാപിക ബിജി ടീച്ചറും ഉണ്ടായിരുന്നു. കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും സുഹൃത്തുമായ ഡോ. സന്തോഷ് കുമാർ ആണ് ഈ സന്ദർശനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത്.സ്ഥാപനത്തിൽ എത്തിയതു മുതൽ ഞങ്ങളെ സ്വീകരിക്കാനും എല്ലാ മാർഗനിർദ്ദേശങ്ങളും നൽകാനായി ചാർജുണ്ടായിരുന്നത് ഡോ . അനീഷിനായിരുന്നു. രാവിലെ ഫ്രഷപ്പ് തുടങ്ങി പ്രഭാത ഭക്ഷണം മുതൽ പ്രാതലും അന്നേ ദിവത്തെ  തങ്ങലിനും ഉള്ള സൗകര്യം  അവിടെ  തന്നെ ഒരുക്കിയിരുന്നു. തുടർന്ന് അസ്സോസിയേറ്റ് ഡയറക്ടറുടെ ക്ലാസ്സോടു കൂടി ആരംഭിച്ച പ്രോഗ്രാമിൽ ഡോ. മുത്തുവിന്റെ നേതൃത്വത്തിൽ ഫീൽഡ് വിസിറ്റ്,  നാളീകേര മൂല്ല്യവർദ്ധിത     ഉൽപ്പന്നങ്ങളെ സംബന്ധിച്ച ക്ലാസ്സുകൾ, കൂൺ കൃഷി സംബന്ധിച്ച ക്ലാസ്സുകൾ, ലാബ് വിസിറ്റ് എന്നിവ ഉണ്ടായിരുന്നു.തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം സെയിൽസ് വിഭാഗം സന്ദർശിച്ച ഞങ്ങൾ, അത്യാവശ്യം ഉല്പന്നങ്ങൾ വാങ്ങുകയുണ്ടായി. കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഞങ്ങളുടെ സന്ദർശനത്തിന്റെ പ്രസക്തമായ ചില ഏടുകൾ ചുവടെ ചിത്രത്തിൽ കാണാൻ സാധിക്കും.

















തേങ്ങയുടെ ലഡ്ഡു, വൈൻ, വിർജിൻ ഓയിൽ, പപ്പായ അച്ചാർ, ചക്ക ഹൽവ തുടങ്ങി ധാരാളം വിഭവങ്ങൾ, മൂല്യവർദ്ധിത പ്രോഡക്റ്റ്  കളായി അവിടെ ഉത്പാദിപ്പിക്കുന്നു. 

ബേക്കൽ ഫോർട്ടിലേക്കായിരുന്നു തുടർന്ന് യാത്ര. ചരിത്രമുറങ്ങുന്ന ബേക്കലിന്റെ മണ്ണിൽ കുറെ ചുറ്റിനടന്ന വിദ്യാർത്ഥികൾ കോട്ടയുടെ  ചരിത്ര പാശ്ചാതലം ഓർത്തെടുക്കുകയും പരസ്പരം സംവാദങ്ങൾ നടത്തുകയും ചെയ്തു. അവിടെ രേഖപ്പെടുത്തിയിട്ടുള്ള വിവരണങ്ങളും ദൃശ്യഭംഗിയും അവർ തങ്ങളുടെ ഫോൺ  ക്യാമെറയിൽ ഒപ്പിയെടുത്തു. 
പിന്നീട് സന്ദർശനം ബേക്കൽ ബീച്ചിലേക്ക് നീട്ടി. ബീച്ചിലും സമീപത്തെ പാർക്കിലും കുട്ടികൾ കുറെ സമയം ഉല്ലസിച്ചു. ബേക്കലിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത ഏതാനും ഫോട്ടോ ഷൂട്ട്കൾ ചുവടെ കാണാം.










ബേക്കലിന്റെ വെയിലിന്റെ കാഠിന്യത്തിൽ നിന്നും രക്ഷനേടാൻ അനീഷ് സർ സമ്മാനിച്ച തെങ്ങോല തൊപ്പിക്ക് സ്തുതി.
7.30 pm ഓടെ ബീച്ചിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ 8.15 P m ഓടെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തി. അവിടെ ട്രെയിനീ ഹോസ്റ്റലിൽ ആയിരുന്നല്ലോ അക്കോമോഡേഷൻ. അത്യാവശ്യം വേണ്ട സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. സൗകര്യത്തെക്കാളേറെ സുരക്ഷിതത്വത്തിലായിരുന്നു ശ്രദ്ധിച്ചത്; അതവിടെ വേണ്ടുവോളം ഉണ്ടായിരുന്നു. സന്തോഷ് സാറിന്റെ ഏർപ്പാടായിരിക്കും എനിക്കൊരു എ/സി റൂം തരപ്പെടുത്തിയിരുന്നു. ടീച്ചർക്കും നല്ലൊരു റൂം തന്നെ നൽകി. കുട്ടികളെ രണ്ടു പേർക്ക് ഒരു റൂം എന്ന നിലയിൽ അത്യാവശ്യം സൗകര്യത്തോടെ തന്നെ പാർപ്പിച്ചു.
രാത്രി ഭക്ഷണത്തിനു ചപ്പാത്തിയും ചിക്കൻ കറിയുമായിരുന്നു പറഞ്ഞിരുന്നത്. അവിടെ അടുത്തുള്ള ഒരു സ്ത്രീക്കു  ആയിരുന്നു ഹോസ്റ്റലിൽ ഭക്ഷണത്തിന്റെ ചുമതല. ഞങ്ങൾ എത്തുംപോഴെക്കും  അവർ ഞങ്ങൾക്ക് വേണ്ട ഭക്ഷണം ഒരുക്കി, അനീഷ് സാറിനെ ഏർപ്പാട് ചെയ്തു മടങ്ങിയിരുന്നു. ഞങ്ങൾ ഫ്രഷപ്പ് ഒക്കെ കഴിഞ്ഞെത്തി ഭക്ഷണം സ്വയം സെർവ് ചെയ്തു കഴിച്ചു. അനീഷ് സാറും ഒപ്പം കൂടി. 

അടുത്ത ദിവസം രാവിലെ 8.30 am നു ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ സന്ദർശനം ഏർപ്പാടാക്കിയിട്ടുണ്ട്. കൊച്ചിൻ നേവൽ ബേസിലെ കമാൻഡർ പ്രകാഷ് സർ മുഖേനയാണ് സന്ദർശനത്തിനുള്ള അനുമതി  നേടിയെടുത്തത്. വാക്ക് വിത്ത് എ സ്കോളർ പദ്ധതിയുടെ ഭാഗമായി കേരള സർവകാലാശാലയിലെ  വിവിധ കോളേജുകളിൽ നിന്നുള്ള രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്റ്റേറ്റ് മോട്ടിവേഷണൽ ക്യാമ്പിൽ പങ്കെടുക്കവെ സെക്കന്റ് ഫിസിക്സിൽ നിന്നുള്ള രാഹുൽ,  അന്നവിടെ റിസോഴ്സ് പേഴ്സണായി എത്തിയ പ്രകാഷ് സാറുമായി നില നിർത്തിയ പരിചയം ആണ് സഹായകമായതു. വാക്ക് വിത്ത് എ സ്കോളർ പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ആയ ഡൊ. രാജൂ കൃഷ്ണൻ സാറിന്റെ ഇടപെടലും സഹായിച്ചു.

ഇടക്ക് അക്കാദമിയുടെ ഓഫീസിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു; പയ്യന്നൂർ ഗേറ്റ് വഴിയാണ് പ്രവേശനം എന്ന് പറഞ്ഞു. ഇവിടെ നിന്നും ഏകദേശം മുക്കാൽ മണിക്കൂർ നേരം യാത്ര വേണം. ആയതിനാൽ കൃത്യം 7.30 am നു പുറപ്പെടണം. അടുത്ത  ദിവസം   കൃത്യം 7.00 am നു തന്നെ പോകാനുള്ള  തയ്യാറെടുപ്പോടെ പ്രഭാത ഭക്ഷണത്തിനു ഡൈനിങ്ങ് റൂമിലെത്തണമെന്നു കുട്ടികൾക്ക് നിർദ്ദേശം നൽകി. ഭക്ഷണം നേരത്തു തന്നെ പാകമാക്കാൻ വേണ്ട നിർദേശങ്ങൾ അനീഷ് സർ കൊടുത്തിട്ടുണ്ടയിരുന്നു. കഴിഞ്ഞ ദിവസം അക്കാദമിയിൽ നിന്നും വിളിച്ചിരുന്നപ്പോൾ, നേവൽ ഓഫീസർ സന്ദീപ് സാറിന്റെ കോൺടാക്ട് നമ്പർ തന്നിരുന്നു. കിടക്കും മുൻപ് ഞാൻ അദ്ദേഹത്തെ വിളിച്ചു. അടുത്ത ദിവസത്തെ പ്രോഗ്രാമിനെയും സമയ ക്രമീകരണങ്ങളെയും സംബന്ധിച്ചു സംസാരിച്ചു.  8.30 am ഓടെ പയ്യന്നൂർ ഗേറ്റിലെത്തിയാൽ മറ്റെല്ലാ ഒഫീഷ്യൽ ചിട്ടവട്ടങ്ങളും കഴിഞ്ഞു 9.00 am മുതൽ 11.00 am വരെ സന്ദർശനത്തിനു അനുവദിച്ചിട്ടുള്ള സമയം പൂർണമായും ഉപയോഗപെടുത്താം എന്ന് അദ്ദെഹം പറഞ്ഞു. 

അടുത്ത ദിവസം പറഞ്ഞ സമയത്തു തന്നെ എല്ലാപേരും റെഡി ആയിരുന്നു. പ്രഭാത ഭക്ഷണവും തയ്യാർ. പയ്യന്നൂർ ഗേറ്റിനു സമീപത്തു ആ ദിവസം പൊതുജനങ്ങൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതായ ഒരു വാർത്ത കേൽക്കുന്നു എന്ന് ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവർ അറിയിച്ചു. ഞാൻ അപ്പോൾ തന്നെ അക്കാദമിയിലേക്കും പിന്നീട്‌ സന്ദീപ് സാറിനെയും വിളിച്ചു. ഹർത്താൽ സംബന്ധിച്ചു കഴിഞ്ഞ ദിവസമേ കേൾക്കുന്നുണ്ടെന്നും വലിയ പ്രശനങ്ങൾ ഉണ്ടാകാനിടയില്ലെന്നും അറിയിച്ചു.
അക്കാദമി കോമ്പൗണ്ടിനുള്ളിൽ നടക്കുന്ന ഡ്രെഡ്ജിങ് വർക്ക് സമീപത്തു കുടിവെള്ള പ്രശ്‍നം സൃഷ്ടിക്കുന്നു, ആയതിനാൽ ഡ്രെഡ്ജിങ് നിർത്തി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് സമീപവസികൾ കുറച്ചു നാളായി സമരത്തിലാണെന്നു അനീഷ് സർ 
സൂചിപ്പിച്ചു. സ്ഥലം കണ്ണൂർ ജില്ല ആയതിനാൽ ചെറിയ ഭയമുണ്ടായിരുന്നു എല്ലാപേർക്കും. എന്നാൽ വലിയ പ്രശ്നങ്ങൾ ഉള്ളതല്ല എന്ന് കിട്ടിയ പ്രാദേശിക ഉറപ്പിൻ മേൽ പോകാൻ തന്നെ തീരുമാനിച്ചു. വാഹനത്തിന്റെ ഫ്രന്റ് ഗ്ലാസിൽ സ്റ്റഡി ടൂർ സംബന്ധിച്ച ഒരു ഡിസ്പ്ലേ കോളേജിലെ പേരും സ്ഥലവും രേഖപ്പെടുത്തി എഴുതി ഒട്ടിച്ചു  ഞങ്ങൾ യാത്ര തുടർന്ന്.

പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം മേൽപ്പാലം കയറിയപ്പോഴേ ഐ എൻ എ യുടെ വിവിധ ഗേറ്റുകളിലേക്കുള്ള ദിശാസൂചികകൾ കാണാമായിരുന്നു. ഞങ്ങൾ  അടുത്തെത്തി  എന്ന വിവരം ഞാൻ സന്ദീപ്‌ സാറിനെ വിളിച്ചു അറിയിച്ചു.

 ദൂരത്തു നിന്നു തന്നെ കവാടം കാണാമായിരുന്നു. എന്നാൽ അടുത്തെത്തിയപ്പോൾ കുറച്ചു പേർ ചേർന്ന് ഞങ്ങളുടെ വാഹനത്തെ തടഞ്ഞു. ഇന്നിവിടെ ഹർത്താൽ ആണെന്നും തിരിച്ച്‌ പോകാനും ആവശ്യപ്പെട്ടു. ഞാനും ഏതാനും ആൺകുട്ടികളും ഡ്രൈവറും ഇറങ്ങി അവരോടു കാര്യം പറഞ്ഞു. ഞങ്ങൾ പുനലൂർ നിന്നും വന്നതാണെന്നും  ഹർത്താലിന്റെ കാര്യം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ഞങ്ങളുടെ ടീമിൽ ഭൂരിഭാഗവും പെണ്കുട്ടികളാണുള്ളതെന്നും  പ്രശ്‍നം ഉണ്ടായാൽ അവർ പരിഭ്രമപ്പെടുമെന്നും അറിയിച്ചു. ഏതാനും പോലീസ് ഉദ്യോഗസ്ഥരും അപ്പോൾ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിഷമസ്ഥിതി മനസ്സിലാക്കിയ അതിൽ ഏതാനും പേർ ഇങ്ങനെ പറഞ്ഞു:
"ഏതായാലും ഇന്നിവിടെ ഹർത്താൽ പ്രഖ്യാപിച്ച സ്ഥിതിക്ക് പയ്യന്നൂർ ഗേറ്റ് വഴി അക്കാദമിക്കുള്ളിലേക്കു പ്രവേശനം സാധ്യമല്ല. അടുത്തുള്ളത്‌ രാമന്തളി ഗേറ്റാണ്. പക്ഷെ അവിടെയും പ്രശ്‍നബാധിതമാണ്. പിന്നീട് നിങ്ങൾക്കു ചെയ്യാവുന്നത് കണ്ണൂർ ഗേറ്റ് വഴി പ്രവേശനം കിട്ടുമോ എന്നു അന്വേഷിച്ചു അത് വഴി കയറുക എന്നതാണ്". ഞങ്ങൾ നേരെ ഗേറ്റിൽ എത്തി സെക്യൂരിറ്റി ഓഫീസറുമായി സംസാരിച്ചു. പ്രവേശനം അനുവദിച്ചു കൊണ്ടുള്ള മെസ്സേജ്ജും പ്രിൻസിപ്പാലിന്റെ സാക്ഷ്യപത്രവും സന്ദർശകാരുടെ ലിസ്റ്റും സമർപ്പിച്ചു.സെക്യൂരിറ്റി ഓഫീസർ നേരെ അക്കാദമിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം ഇങ്ങനെ പറഞ്ഞു: " പയ്യന്നൂർ ഗേറ്റ് വഴിയാണ് നിങ്ങൾക്കു പ്രവേശനം ഗ്രാന്റ്  ചെയ്തിട്ടുള്ളത്. പക്ഷെ ഇന്നിവിടെ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇതു വഴി കടത്തി വിടില്ല. പകരം നിങ്ങൾ കണ്ണൂർ ഗേറ്റിൽ എത്തി അത് വഴി പ്രവേശിച്ചോള്ളൂ. അതേപോലെ, നിങ്ങൾക്കു അസ്സയിൻ ചെയ്തിട്ടുള്ള ലയ്സൺ ഓഫീസറെ വിളിച്ചു ഇക്കാര്യം പറയൂ."അദ്ദേഹത്തിനു നന്ദി സൂചിപ്പിച്ചു പിറകെ ഞാൻ സന്ദീപ് സാറിനെ വിളിച്ചു കാര്യം പറഞ്ഞു. ഓകെ, അവിടെ കാണാമെന്നും ഞങ്ങൾ എത്തുമ്പോഴേക്കും സർ കണ്ണൂർ ഗേറ്റിൽ വരാമെന്നും പറഞ്ഞു ഫോൺ വച്ചു. ഞങ്ങൾ ആ പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു കണ്ണൂർ ഗേറ്റിലേക്കുള്ള വഴി മനസ്സിലാക്കി, അങ്ങോട്ടേക്ക് യാത്ര തിരിച്ചു. ഏകദേശം അരമണിക്കൂർ യാത്രയിൽ കണ്ണൂർ ഗേറ്റിൽ എത്തി. അപ്പോഴേക്കും സമയം  9.00 am ആയിരുന്നു.അവിടെ ക്ലീയറൻസ് കഴിഞ്ഞു, ഞങ്ങളുടെ വാഹനം അകത്തു പ്രവേശിച്ചു. അല്പം വെയിറ്റ്  ചെയ്തു ഏകദേശം 9.15 am ഓടെ സന്ദീപ് സർ എത്തി. തുടർന്ന്, സർ ഞങ്ങൾക്കൊപ്പം ഞങ്ങളുടെ വാഹനത്തിൽ അക്കാദമിക്കുള്ളിലേക്കു യാത്ര ആരംഭിച്ചു.

യാത്രാ മധ്യെ അക്കാദമിയെ സംബന്ധിച്ചു ഒരു പ്രാഥമിക വിവരണം നടത്തി, ഒപ്പം തന്നെ കുറിച്ചും. കൊല്ലം പ്രാക്കുളം സ്വദേശിയാണ് അദ്‌ദേഹം. അക്കാദമിയിൽ ഇതു പതിനാലാം വർഷം. സെയ്‌ലിംഗ് വിങ്ങിൽ ഓഫീസർ ആണ്‌. 2500 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന അവിടം ദിവസങ്ങൾ തങ്ങി കണ്ടു മനസ്സിലാക്കാനുള്ളതും ഒരു പഠനയാത്രക്ക് ഏറ്റവും അനുയോജ്യമായ ഇടവുമാണ്. സമുദ്ര നിരപ്പിൽ നിന്നും നേരെ കുന്നു കയറുമ്പോൾ, കയറ്റിറക്കങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തി അടുത്തടുത്ത കെട്ടിടങ്ങളിൽ ചിലതിന്റെ ഒന്നാം നിലയും മറ്റൊന്നിന്റെ  അഞ്ചാം നിലയും ഒരേ നിരപ്പിൽ വരും വിധം വളരെ തന്ത്രപ്രധാനമായും ഭാവനയോടും കൂടി ആണ് നിർമാണങ്ങൾ നടത്തിയിട്ടുള്ളത്.വളരെ മികച്ച നിലവാരത്തിൽ പണിത കെട്ടിടങ്ങളാണ് മിക്കതും. അതെപോലെ റോഡുകളും നടപ്പാതയും കർശനമായി ട്രാഫിക് നിയമങ്ങൾ പാലിക്കും വിധം ഡിവൈഡർകളും റിങ്ങുകളും ഒക്കെ ഉൾപ്പെടുത്തി മികച്ച നിലവാരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. സമയാസമയം ചവറു മാറ്റി എല്ലായിടവും വൃത്തിയായി സൂക്ഷിക്കാൻ കരാറ് വ്യവസ്ഥയിൽ പുറത്തു നിന്നും സ്ത്രീകൾ അടക്കം  ആളുണ്ട് . ചുറ്റും കാഴ്ചകൾ കണ്ടു കൊണ്ടുള്ള പത്തു മിനിറ്റ്‌ യാത്രയിൽ ഞങ്ങളെ അദ്‌ദേഹം ഡിജിറ്റൽ ആഡിറ്റോറിയത്തിൽ ഏത്തിച്ചു. അവിടെ ഞങ്ങൾക്കായി പത്തു മിനിട്ടു ദൈർഘ്യമുള്ള ഒരു ഫീച്ചർ ഫിലിം ഒരുക്കിയിരുന്നു. അക്കാദമിയുടെ ചരിത്രത്തെയും പ്രവർത്തനത്തെയും അവസരങ്ങളെയും പ്രമേയമാക്കി ചിത്രീകരിക്കപ്പെട്ടതായിരുന്നു അത്. തുടർന്ന് അദ്‌ദേഹം ഞങ്ങളെ ഡിജിറ്റൽ ലൈബ്രററി, സ്വിമ്മിങ് സോൺ, സെയ്‌ലിംഗ് വിങ്ങ്, കാറ്ററി കേഡറ്റ്സ് മെസ് ഹാൾ, സ്മാർട്ട് ക്ലാസ് റൂംസ്, ഹോഴ്സ് വിങ്ങ് തുടങ്ങി കൗതുകം ജനിപ്പിക്കുന്ന പല സെക്ടറുകളിലേക്കു കൊണ്ടുപോയി.പലവിധ കാഴ്ചക്കൊപ്പം പകർത്തിയെടുത്ത ഏതാനും സ്നാപ്പ് ഷോട്ടുകൾ ചുവടെ ചേർക്കുന്നു.










ഏകദേശം   12  മണിയോടെ ഞങ്ങൾ അക്കാദമിലെ കാഴ്ചകൾ അവാസനിപ്പിച്ചു യാത്ര തിരിച്ചു. കവാടം വരെ ഞങ്ങൾക്കൊപ്പം സന്ദീപ് സാർ വന്നിരുന്നു. ഞങ്ങളുടെ ഹൃദ്യമായ നന്ദി സ്വീകരിച്ച അദേഹം വീണ്ടും വിസിറ്റിനായ് ക്ഷണിച്ചു, ഒപ്പം നാട്ടിൽ വരുമ്പോൾ കണ്ടുമുട്ടാമെന്നും ഉറപ്പു നൽകി. രണ്ടര മൂന്നു മണിക്കൂരത്തെ അദ്ദേഹത്തിന്റെ സാനിധ്യം കുട്ടികളിൽ ശരിക്കും മോട്ടിവേഷൻ ജനിപ്പിക്കുന്നതായിരുന്നു. അക്കാദമിയുടെ സമീപത്തെ ജനങ്ങളുടെ അതിജീവന പ്രശ്‍നം കുടിവെള്ളം മലിനമാക്കപ്പെടുന്നു എന്നതാണ്.  ജലശുദ്ധീകരണ പ്ലാന്റ് അക്കാദമിയെ സംബന്ധിച്ചു നിലനിൽപ്പിന്റെ ആവശ്യം ആണുതാനും. അപ്പോൾ പാന്റ് ജല മലിനീകരണത്തെ ചെറുക്കും വിധം ശാസ്ത്രീ യാടിത്തറയിൽ പുനഃക്രമീകരിക്കാവുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്.

  • അടുത്ത ഞങ്ങളുടെ യാത്ര, കോഴിക്കോട് കുന്നമംഗലത്തു സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ലേക്കാണ് പ്ലാൻ ചെയ്തിരുന്നത്. ഏകദേശം നാലു മണിക്കൂർ യാത്ര വരും. മൂന്നു മണി മുതൽ അഞ്ചു മണി വരെ ആണ് അനുവദിച്ചിട്ടുള്ള സമയം. അപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റാണ്. ഉച്ചഭക്ഷണം കഴിക്കണം, അതിനുള്ള സമയം, പിന്നെ കണ്ണൂർ ടൌൺ ക്രോസ് ചെയ്യുക കഠിനമാണ്, കാരണം ട്രാഫിക് ബ്ലോക്ക്. ശ്രമിക്കാം എന്നുമാത്രം ഡ്രൈവർ പറഞ്ഞു. തലശ്ശേരി ടൌൺ എത്തും മുൻപ് ഒരു ഹോട്ടലിൽ കയറി നല്ല ചിക്കൻ ബിരിയാണി കഴിച്ചു. യാത്ര തുടര്ന്നു. ടൌൺ ക്രോസ് ചെയ്യവെ ഒരു പ്രൈവറ്റ് ബസ്സ് ഞങ്ങളുടെ വാഹനത്തിൽ ഉരസ്സി. പ്രൈവറ്റ് ബസ്സിന്റെ റിയർ വ്യൂവേർ ഗ്ലാസ് തകർന്നു. ചെറിയ ഒരു വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ ഒരു ഓട്ടോ റിക്ഷയെയും പ്രൈവറ്റ് ബസ്സ് ഉരസ്സിയിരുന്നു. തർക്കത്തിൽ റിക്ഷ തൊഴിലാളികൾ പ്രൈവറ്റ് ബസ്സുകളുടെ അമിത വേഗതക്കെതിരെ രംഗത്ത് വന്നതു, ഗ്രൗണ്ട് സപ്പോർട്ട്ഞങ്ങൾക്കനുകൂലമാക്കി. ഇതിനിടയിൽ പോലീസ് ഇടപെട്ടു മൂന്നു വാഹനങ്ങളേയും തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.  സ്റ്റേഷനിൽ എ എസ് ഐ ഇടപെട്ട് തർക്കം രമ്യമായി പരിഹരിച്ചു വിട്ടു. പക്ഷെ ഏറെക്കുറെ ഒന്നര മണിക്കൂറിലധിക സമയം ഈ സംഭവവുമായി ബന്ധപ്പെട്ട് അപ്പോൾ തന്നെ ഞങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. തുടർ യാത്രാ മധ്യേ ഞാൻ IIM ലേക്ക് വിളിച്ചു. തലശ്ശേരിയിൽ നിന്നും കുന്നിക്കോട് സ്ഥിതി ചെയ്യുന്ന IIM ൽ എത്തിച്ചേരുവാനുള്ള ദൂരപരിധിയും സമയവും കണക്കിലെടുത്താകണം അന്നേ ദിവസം സന്ദർശനം അസാധ്യമാണന്ന വിവരം ധരിപ്പിച്ചു. HR സർവീസിലുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശിയായ ഒരു ജോൺ സാറുമായാണ് ഈ സന്ദർശനവുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ചിരുന്നത്. തൊട്ടടുത്ത ദിവസത്തേക്ക് സന്ദർശനം മാറ്റി വയ്ക്കുന്നതിലുമുള്ള സാങ്കേതിക ബുദ്ധിമുട്ട് എന്റെ അത്തരത്തിലുള്ള ആവശ്യപ്പെടലുകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മറ്റൊരു അവസരത്തിൽ ഇനി സന്ദർശനം തരപ്പെടുത്താം എന്ന ആശ്വാസത്തിലും ആ ദിവസത്തെ നിർഭാഗ്യത്തിൽ വിലപിച്ചും ഞങ്ങൾ മടക്കയാത്ര തുടർന്നു. മടക്കയാത്രയിൽ ചരിത്ര പ്രസിദ്ധമായ കാപ്പാട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ, മിഠായി തെരുവ് എന്നിവിടങ്ങളിൽ ഒട്ടേറെ സമയം ചെലവഴിച്ചു. കുട്ടികൾ എല്ലാപേരും അവർക്ക് വേണ്ട അവശ്യം പർച്ചേസ് മിഠായി തെരുവിൽ എത്തിയപ്പോൾ നടത്തി. കോഴിക്കോട് സിറ്റി കടന്നു പോകും മുൻപ് തന്നെ സാമാന്യം നല്ല ഹോട്ടലിൽ നിന്നു അന്നത്തെ ഡിന്നർ കഴിച്ചു. പിറ്റേ ദിവസം രാവിലെ 7 മണിയോട് കൂടി തിരികെ കോളേജ് ക്യാപസിൽ എത്തി. ഈ യാതയ്ക്ക് വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കിയ കോളേജിയറ്റ് വിദ്യാഭ്യാസ വകുപ്പിനും യാത്രയ്ക്ക് അനുമതി നല്കിയ കോളേജ് പ്രിൻസിപ്പാൾ എന്നിവർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. അതേ പോലെ കുട്ടികൾക്ക് യാത്രാനുമതി നല്കി അയച്ച രക്ഷകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.