Tuesday 14 January 2020

ശാസ്ത്രവും ഇന്ത്യൻ ആത്മീയതയും


നിലവിൽ പ്രചാരത്തിലുള്ള ആധുനിക പാശ്ചാത്യ ശാസ്ത്ര പദ്ധതികൾക്ക് ബദൽ ആയി ഇന്ത്യൻ ആത്മീയത നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മുന്നോട്ട് വച്ച ഒട്ടനവധി ശാസ്ത്ര പദ്ധതികൾ ഉണ്ട്.  ഇന്ത്യൻ ആത്മീയത മുന്നോട്ട് വച്ച വൈദ്യശാസ്ത്ര പദ്ധതിയായ ആയുർവേദം, ഗൃഹ നിർമ്മാണ പദ്ധതിയായ വാസ്തു ശാസ്ത്രം, ജ്യോതി ശാസ്ത്ര പദ്ധതിയായ ജ്യോതിഷം, ഗണിത പദ്ധതിയായ വേദ ഗണിതം എന്നിവ എടുത്ത് കാട്ടാവുന്ന ചില ഉദാഹരണങ്ങളിൽ പെടുന്നു. എന്നാൽ, ഇവയൊന്നും എന്തുകൊണ്ട് ആധുനിക യുഗത്തിൽ പ്രായോഗികാർത്ഥത്തിൽ ഉപയോഗപ്രദമാകുന്നില്ല എന്ന വസ്തുത എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്. നമുക്ക് അറിയാം ഏതാണ്ട് എ ഡി. 16-ാം നൂറ്റാണ്ടിനിപ്പുറമാണ് ഇന്ന് പ്രചാരത്തിലുള്ള പാശ്ചാത്യ ശാസ്ത്ര പദ്ധതികൾക്ക് അടിത്തറ പാകപ്പെടുന്നത്. അവയിൽ പലതും 18, 19 നൂറ്റാണ്ടുകളിൽ മാത്രം പ്രയോഗത്തിലേയ്ക്ക് വന്നവയും ആണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യൻ ആത്മീയ രംഗം മുന്നോട്ട് വച്ച ശാസ്ത്ര പദ്ധതികൾ എന്തുകൊണ്ട് പിന്നിൽ നിന്ന് എത്തിയ പശ്ചാത്യ ശാസ്ത്ര രംഗത്തിന് മുന്നിൽ പതറുന്നു എന്നത് ചിന്തനീയം തന്നെ! എന്തായിരുന്നു അവയുടെ സ്വാഭാവിക വികാസത്തിന് തടസ്സം നിന്നത്? അധിനിവേശ കാലഘട്ടത്തിൽ അനിവാര്യമായിരുന്ന നവീകരണ പ്രക്രീയകൾക്ക് ഭംഗം സംഭവിച്ചിരുന്നോ , അതോ അതിന്റെ സ്വഭാവിക മുരടിപ്പിന് വിധേയമാകപ്പെട്ടതാണോ എന്ന പ്രശ്നം ഗൗരവതരമായെടുത്ത് പഠിക്കേണ്ടിയിരിയ്ക്കുന്നു! ഈ ഒരു വിഷയത്തിൽ ആരോഗ്യകരമായ സംവാദം നടത്തപ്പെടുന്നത് സർവാത്മനാ സ്വാഗതാർഹമാകണം എന്നാണ് എന്റെ പക്ഷം.

ലോക പ്രശസ്തരായ ഇന്ത്യൻ ശാസ്ത്രകാരെല്ലാം, അത് ശ്രീനിവാസ രാമാനുജനായാലും സി.വി. രാമനായാലും സസ്യ ശാസത്രജ്ഞനായ ബോസ് ആയാലും , ഇന്ത്യൻ ആത്മീയരംഗം മുന്നോട്ട് വച്ച ശാസ്ത്ര പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയ ഗവേഷണ പ്രർത്തനങ്ങൾക്കുള്ള അംഗീകാരമായല്ല പ്രശസ്തി പത്രങ്ങൾ നേടിയത്, മറിച്ച് ആധുനിക പാശ്ചാത്യ ശാസ്ത്ര രംഗത്തെ ആസ്പദമാക്കിയുള്ള പ്രവർത്തന മികവിലാണ്.

എന്നാൽ ഇന്ത്യൻ ആത്മീയത മുന്നോട്ട് വച്ച ഗണിത ശാസ്ത്ര പദ്ധതിയിൽ നിന്നും വേറിട്ട് പശ്ചാത്യ ഗണിത ക്രിയകൾ പ്രാബല്യത്തിൽ വരുന്നതിനും 200 വർഷങ്ങൾക്ക് മുൻപ് മാധവ സംഗമ ഗ്രാമ എന്ന ഇരിങ്ങാലക്കുടക്കാരനായ ഗണിത പണ്ഡിതൻ രൂപപ്പെടുത്തിയ ത്രികോണമിതി സീരീസുകൾ, പൈ (Pi) യുടെ വില കണ്ടെത്തൽ, കാൽക്കുലസ് തിയറിയുടെ ആവിഷ്കരണം എന്നിവ ചില രേഖകളായി, കൊച്ചി ആസ്ഥാനമായ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് അസ് ട്രോണമിയിൽ സൂക്ഷിച്ചിട്ടുണ്ട്! മാധവ സീരീസ് അതിന്റെ മെതഡോളജിയിൽ വ്യത്യാസപ്പെട്ടിരുന്നെങ്കിലും ഏറെക്കുറെ ആധുനിക ഗണിത ശാസ്ത്രം എത്തിച്ചേർന്നിട്ടുള്ള ഫലങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത് എന്നത് ചില താരതമ്യ പ0നങ്ങളെങ്കിലും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇതിൽ, Pi യുടെ വിലയിൽ കൃത്യമായി എത്തിച്ചേർന്നിരിയ്ക്കുന്നതാണ് പ്രസക്തം.

അതായത്, ശാസ്ത്രം ആത്മീയതയിൽ നിന്നും വേറിട്ട് നിൽക്കുമ്പോഴാണ് സ്വയം നവീകരിക്കപ്പെടുന്നതും പ്രായോഗിക തലത്തിൽ ഉപയോഗപ്രദമാകുന്നതുമെന്ന് ഇന്ത്യൻ സാഹചര്യത്തിൽ മാധവ സീരീസും പാശ്ചാത്യ പരിസരത്ത് നിന്നുള്ള വിവിധ ശാസ്ത്ര പദ്ധതികളും അടിവരയിടുന്നുണ്ടോ എന്ന് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്!

 ( ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ടി. കെ. എം. എം. കോളേജിൽ നടത്തിയ ഗണിത ശാസ്ത്ര സെമിനാറിലെ ആശംസാ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ )

Saturday 11 January 2020

ലിഥിയം അയോൺ ബാറ്ററി



മൊബൈൽ ഫോണുകളുടെ ഉപയോഗം ആ ബാലവൃദ്ധം ജനങ്ങളിലും വ്യാപകമായിരിയ്ക്കുന്ന ഒരു വർത്തമാന കാലഘട്ട  യാഥാർത്ഥ്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്ന് നമുക്കറിയാം, ഞാൻ ഉൾപ്പെടെ നിങ്ങളിൽ പലരും റിസ്റ്റ് വാച്ചിന്റെ ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്! അതേ പോലെ, ക്യാമറയുടെ ഉപയോഗം, ടി വി ചാനലുകൾ മാറ്റുന്നതിനായുള്ള സ്പെസിഫിക് റിമോട്ടുകളുടെ ഉപയോഗം, അതേ പോലെ എ.സി. റിമോട്ട് കളുടെ ഉപയോഗം, യാത്ര പോകുമ്പോൾ ഉപയോഗിച്ചിരുന്ന ദിശാസൂചിക ക ളു ടെ ഉപയോഗം, അന്തരീക്ഷ മർദ്ദം, അന്തരീക്ഷ ഊഷ്മാവ് എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങി ഒട്ടനവധി വസ്തുക്കളുടെ ഉപയോഗം ലോപിച്ച് ഇല്ലാതാകുന്നുണ്ട്! എന്ത് കൊണ്ട് ഇത് സംഭവിയ്ക്കുന്നു എന്ന് ആലോചിച്ച് ചെല്ലുമ്പോഴാണ് മോബൈൽ ഫോണുകളിൽ ചെന്നെത്തുന്നത്. ഫോൺ കോളുകൾ ചെയ്യാനും മെസേജ് അയയ്ക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനും മാത്രമല്ല, മേൽ സൂചിപ്പിച്ച ഉപയോഗങ്ങളും ഒരു മൊബൈൽ ഫോൺ കൊണ്ട് സാധിച്ചെടുക്കാമെന്ന അവസ്ഥ വന്നിരിയ്ക്കുന്നു. അതായത്, മേൽപ്പറഞ്ഞ ഫീച്ചറുകളെല്ലാമടങ്ങിയ ഒരു മൾട്ടി പർപ്പസ് സ്മാർട്ട് ഡിവയ്സ്  ആയി മൊബൈൽ ഫോണുകൾ മാറിയിരിയ്ക്കുന്നുവെന്ന് സാരം.

ഈ മാറ്റം, ഡിജിറ്റൽ ടെക്നോളജിയുടെ കടന്ന് വരവിനെ ആസ്പദമാക്കി വിശദീകരിക്കാൻ ശ്രമിയ്ക്കുമ്പോഴും, 2019 ൽ കെമിസ്ട്രിയ്ക്ക് നോബൽ സമ്മാനാർഹമായ ലിഥിയം അയോൺ ബാറ്ററിയുടെ കണ്ടു പിടുത്തത്തെ മറന്ന് കൊണ്ടാകാൻ സാധിയ്ക്കുന്നില്ല! 2019 ൽ കെമിസ്ട്രിക്ക് നോബൽ സമ്മാനം നേടിയ ജോൺ ബി. ഗുഡ് ഇനഫ് ( ടെക്സാസ് യുണിവേഴ്സിറ്റി), എം. സ്റ്റാൻലി വിറ്റിങ്ഗ്ഗാം ( ബിൻഗാംടൺ യൂണിവേഴ്സിറ്റി, ന്യൂയോർക്ക്), അറിക് യോഷിനോ (മിജോ യൂണിവേഴ്സിറ്റി, ജപ്പാൻ) എന്നിവർ , സോളിഡ് ഇലക്ക് ട്രോളൈറ്റ് എന്നറിയപ്പെടുന്ന ലിഥിയം അയോൺ ബാറ്ററിയുടെ കണ്ടു പിടുത്തത്തിലേക്ക് നയിച്ച നീണ്ട ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നവരാണ്. വാസ്തവത്തിൽ മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ സ്മാർട്ട് ഉപകരണങ്ങൾ ഒരു കൈകുമ്പിളിൽ ഒതുക്കി വളരെ ഹാൻഡിയായി ഉപയോഗിക്കാൻ സാധിക്കുന്നതിൽ, ഈ ലിഥിയം അയോൺ ബാറ്ററിയുടെ ഉപജ്ഞാതാക്കൾക്കും അത് വഴി ഓരോ കെമിസ്ട്രിക്കാർക്കും അഭിമാനിയ്ക്കാം. മൊബൈൽ ഫോണുകൾ കൊണ്ട് വന്ന ഈ വിപ്ലകരമായ മാറ്റങ്ങളുടെ അടിത്തറ പാകിയിരിയ്ക്കുന്നത് ലിഥിയം അയോൺ ബാറ്ററികൾ കൂടിയാണ്. ഗാഡ്ജറ്റുകളുടെ മിനിയേച്ചറൈസേഷനിൽ ഒരു വലിയ പങ്ക് വഹിക്കാൻ അവശ്യം വേണ്ട 6 വോൾട്ട് അല്ലങ്കിൽ 12 വോൾട്ട് ഊർജ്ജസ്ത്രോതസ് പരിമിതമായ സ്സ്പേസ് യൂട്ടി ലൈസേഷനിലൂടെ നൽകാൻ ലിഥിയം അയോൺ ബാറ്ററിയുടെ കടന്ന് വരവോടെ സാധിക്കപ്പെട്ടു എന്നത് വിപ്ലവകരം തന്നെ.

(07/01/2020 ൽ കെമിസ്ട്രി അസോസിയേഷൻ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ടി കെഎംഎം കോളേജിൽ നടത്തിയ ആശംസാ പ്രസംഗം)

Friday 10 January 2020

കോസ്മിക് രശ്മികൾ

ശൂന്യാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിരന്തരം എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന വൈദ്യുത ചാർജുള്ള കണങ്ങളടങ്ങിയ വികിരണങ്ങളെയാണ് പൊതുവെ കോസ്മിക് രശ്മികൾ എന്ന പേരിലറിയപ്പെടുന്നത്. ഏകദേശം പതിനഞ്ച് ഗിഗാ ഇലക്ട്രോൺ വോൾട്ട് ആണ് ഈ കണങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജത്തിന്റെ അളവ് . 1899-900 കാലയളവിൽ എൽസ്റ്ററ്റർ, ഗീൽട്ടൽ, സി.ടി.ആർ വിൽസൺ എന്നിവർ ചേർന്നാണ് കോസ്മിക് രശ്മികളുടെ സാമീപ്യത്തെ തിരിച്ചറിഞ്ഞത്. മില്ലിക്കനാണ് ഇവയ്ക്ക് കോസ്മിക് രശ്മികൾ എന്ന് നാമകരണം നടത്തിയത്.

 ഭൂമിയുടെ തിരശ്ചീന രേഖയ്ക്ക് ഉടനീളം ഭൗമ കാന്തിക ധ്രുവങ്ങൾ കേന്ദ്രീകരിച്ച് കോസ്മിക് രശ്മികളുടെ തീവ്രത പരാമാവധി ഉയർന്നതും എന്നാൽ ഭൂമധ്യരേഖാ പ്രദേശത്ത് താഴ്ന്നതും ആയിരിക്കും. ഭൂമധ്യ രേഖയ്ക്കിരുവശവും 42° മുതൽ 90° ലാറ്റിട്യൂഡിൽ തീവ്രത വ്യതിചലനങ്ങളില്ലാത്തതായിരിക്കും. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ദിശയും കോസ്മിക് രശ്മികളുടെ സഞ്ചാര ദിശയും തമ്മിൽ ലംബമായിരിക്കുന്ന ഭൂമധ്യ രേഖാ പ്രദേശത്ത് കോസ്മിക് കണങ്ങളുടെ മേൽ കാന്തിക മണ്ഡലം പ്രയോഗിക്കുന്ന പരമാവധി ബലം നിമിത്തം അവയ്ക്ക് പരമാവധി ദിശാ വ്യതിയാനം സംഭവിച്ച് ഭൂമിയിൽ നിന്നും അകന്ന് മാറുന്നു. ആയതിനാൽ ഭൂമധ്യരേഖാ പ്രദേശത്ത് തീവ്രത തീരെ കുറവായിരിക്കും. എന്നാൽ ധ്രുവങ്ങളിൽ ഈ കണങ്ങളുടെ സഞ്ചാര ദിശ , കാന്തിക മണ്ഡലത്തിന് സമാന്തരമായതിനാൽ ദിശാ വ്യതിയാനം കുറവായിരിക്കുകയും തൽഫലമായി തീവ്രത പരമാവധി വർദ്ധിച്ചതും ആകും.