Tuesday, 14 January 2020

ശാസ്ത്രവും ഇന്ത്യൻ ആത്മീയതയും


നിലവിൽ പ്രചാരത്തിലുള്ള ആധുനിക പാശ്ചാത്യ ശാസ്ത്ര പദ്ധതികൾക്ക് ബദൽ ആയി ഇന്ത്യൻ ആത്മീയത നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മുന്നോട്ട് വച്ച ഒട്ടനവധി ശാസ്ത്ര പദ്ധതികൾ ഉണ്ട്.  ഇന്ത്യൻ ആത്മീയത മുന്നോട്ട് വച്ച വൈദ്യശാസ്ത്ര പദ്ധതിയായ ആയുർവേദം, ഗൃഹ നിർമ്മാണ പദ്ധതിയായ വാസ്തു ശാസ്ത്രം, ജ്യോതി ശാസ്ത്ര പദ്ധതിയായ ജ്യോതിഷം, ഗണിത പദ്ധതിയായ വേദ ഗണിതം എന്നിവ എടുത്ത് കാട്ടാവുന്ന ചില ഉദാഹരണങ്ങളിൽ പെടുന്നു. എന്നാൽ, ഇവയൊന്നും എന്തുകൊണ്ട് ആധുനിക യുഗത്തിൽ പ്രായോഗികാർത്ഥത്തിൽ ഉപയോഗപ്രദമാകുന്നില്ല എന്ന വസ്തുത എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്. നമുക്ക് അറിയാം ഏതാണ്ട് എ ഡി. 16-ാം നൂറ്റാണ്ടിനിപ്പുറമാണ് ഇന്ന് പ്രചാരത്തിലുള്ള പാശ്ചാത്യ ശാസ്ത്ര പദ്ധതികൾക്ക് അടിത്തറ പാകപ്പെടുന്നത്. അവയിൽ പലതും 18, 19 നൂറ്റാണ്ടുകളിൽ മാത്രം പ്രയോഗത്തിലേയ്ക്ക് വന്നവയും ആണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യൻ ആത്മീയ രംഗം മുന്നോട്ട് വച്ച ശാസ്ത്ര പദ്ധതികൾ എന്തുകൊണ്ട് പിന്നിൽ നിന്ന് എത്തിയ പശ്ചാത്യ ശാസ്ത്ര രംഗത്തിന് മുന്നിൽ പതറുന്നു എന്നത് ചിന്തനീയം തന്നെ! എന്തായിരുന്നു അവയുടെ സ്വാഭാവിക വികാസത്തിന് തടസ്സം നിന്നത്? അധിനിവേശ കാലഘട്ടത്തിൽ അനിവാര്യമായിരുന്ന നവീകരണ പ്രക്രീയകൾക്ക് ഭംഗം സംഭവിച്ചിരുന്നോ , അതോ അതിന്റെ സ്വഭാവിക മുരടിപ്പിന് വിധേയമാകപ്പെട്ടതാണോ എന്ന പ്രശ്നം ഗൗരവതരമായെടുത്ത് പഠിക്കേണ്ടിയിരിയ്ക്കുന്നു! ഈ ഒരു വിഷയത്തിൽ ആരോഗ്യകരമായ സംവാദം നടത്തപ്പെടുന്നത് സർവാത്മനാ സ്വാഗതാർഹമാകണം എന്നാണ് എന്റെ പക്ഷം.

ലോക പ്രശസ്തരായ ഇന്ത്യൻ ശാസ്ത്രകാരെല്ലാം, അത് ശ്രീനിവാസ രാമാനുജനായാലും സി.വി. രാമനായാലും സസ്യ ശാസത്രജ്ഞനായ ബോസ് ആയാലും , ഇന്ത്യൻ ആത്മീയരംഗം മുന്നോട്ട് വച്ച ശാസ്ത്ര പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയ ഗവേഷണ പ്രർത്തനങ്ങൾക്കുള്ള അംഗീകാരമായല്ല പ്രശസ്തി പത്രങ്ങൾ നേടിയത്, മറിച്ച് ആധുനിക പാശ്ചാത്യ ശാസ്ത്ര രംഗത്തെ ആസ്പദമാക്കിയുള്ള പ്രവർത്തന മികവിലാണ്.

എന്നാൽ ഇന്ത്യൻ ആത്മീയത മുന്നോട്ട് വച്ച ഗണിത ശാസ്ത്ര പദ്ധതിയിൽ നിന്നും വേറിട്ട് പശ്ചാത്യ ഗണിത ക്രിയകൾ പ്രാബല്യത്തിൽ വരുന്നതിനും 200 വർഷങ്ങൾക്ക് മുൻപ് മാധവ സംഗമ ഗ്രാമ എന്ന ഇരിങ്ങാലക്കുടക്കാരനായ ഗണിത പണ്ഡിതൻ രൂപപ്പെടുത്തിയ ത്രികോണമിതി സീരീസുകൾ, പൈ (Pi) യുടെ വില കണ്ടെത്തൽ, കാൽക്കുലസ് തിയറിയുടെ ആവിഷ്കരണം എന്നിവ ചില രേഖകളായി, കൊച്ചി ആസ്ഥാനമായ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് അസ് ട്രോണമിയിൽ സൂക്ഷിച്ചിട്ടുണ്ട്! മാധവ സീരീസ് അതിന്റെ മെതഡോളജിയിൽ വ്യത്യാസപ്പെട്ടിരുന്നെങ്കിലും ഏറെക്കുറെ ആധുനിക ഗണിത ശാസ്ത്രം എത്തിച്ചേർന്നിട്ടുള്ള ഫലങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത് എന്നത് ചില താരതമ്യ പ0നങ്ങളെങ്കിലും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇതിൽ, Pi യുടെ വിലയിൽ കൃത്യമായി എത്തിച്ചേർന്നിരിയ്ക്കുന്നതാണ് പ്രസക്തം.

അതായത്, ശാസ്ത്രം ആത്മീയതയിൽ നിന്നും വേറിട്ട് നിൽക്കുമ്പോഴാണ് സ്വയം നവീകരിക്കപ്പെടുന്നതും പ്രായോഗിക തലത്തിൽ ഉപയോഗപ്രദമാകുന്നതുമെന്ന് ഇന്ത്യൻ സാഹചര്യത്തിൽ മാധവ സീരീസും പാശ്ചാത്യ പരിസരത്ത് നിന്നുള്ള വിവിധ ശാസ്ത്ര പദ്ധതികളും അടിവരയിടുന്നുണ്ടോ എന്ന് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്!

 ( ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ടി. കെ. എം. എം. കോളേജിൽ നടത്തിയ ഗണിത ശാസ്ത്ര സെമിനാറിലെ ആശംസാ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ )

No comments:

Post a Comment